ഹൈദരാബാദ്: ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ച് ഇന്ത്യന്‍ സ്പിന്നര്‍ പ്രഗ്യാന്‍ ഓജ. 

24 ടെസ്റ്റിലും 18 ഏകദിനങ്ങളിലും ആറ് ട്വന്റി 20 മത്സരങ്ങളിലും ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞ താരമാണ്. ആഭ്യന്തര ക്രിക്കറ്റില്‍ ബീഹാര്‍, ഹൈദരാബാദ്, ബംഗാള്‍ തുടങ്ങിയ ടീമുകള്‍ക്കായും ഐ.പി.എല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിനായും, മുംബൈ ഇന്ത്യന്‍സിനായും കളിച്ചു.

2013 നവംബറില്‍ വെസ്റ്റിന്‍ഡീസിനെതിരെ മുംബൈയില്‍ നടന്ന ടെസ്റ്റ് മത്സരത്തിലാണ് ഓജ അവസാനമായി ഇന്ത്യന്‍ ജേഴ്‌സിയണിഞ്ഞത്. സച്ചിന്‍ തെണ്ടുല്‍ക്കറുടെ വിടവാങ്ങല്‍ മത്സരമെന്ന നിലയില്‍ ശ്രദ്ധേയമായ ടെസ്റ്റില്‍ 10 വിക്കറ്റ് വീഴ്ത്താനും ഓജയ്ക്കായിരുന്നു.

2008-ല്‍ ആയിരുന്നു ഓജയുടെ  അരങ്ങേറ്റം. പ്രൊഫഷണല്‍ കരിയറില്‍ 16 വര്‍ഷം തുടര്‍ന്നു. 2009-2013 കാലയളവില്‍ ഇന്ത്യയ്ക്കായി 24 ടെസ്റ്റ് മത്സരങ്ങള്‍ കളിച്ച ഓജ 113 വിക്കറ്റുകളും സ്വന്തമാക്കിയിട്ടുണ്ട്. ട്വിറ്ററില്‍ പങ്കുവെച്ച കുറിപ്പിലാണ് താരം വിരമിക്കല്‍ പ്രഖ്യാപിച്ചത്. 

ഐ.സി.സി റാങ്കിങ്ങില്‍ അഞ്ചാം സ്ഥാനത്തെത്തിയ ഓജ ഐ.പി.എല്ലില്‍ പര്‍പ്പിള്‍ ക്യാപ്പ് സ്വന്തമാക്കിയ രണ്ടു സ്പിന്നര്‍മാരില്‍ ഒരാളാണ്.

18 ഏകദിനങ്ങളില്‍ നിന്ന് 21 വിക്കറ്റുകള്‍ സ്വന്തമാക്കിയിട്ടുണ്ട്. ട്വന്റി 20-ൃയില്‍ ആറു മത്സരങ്ങളില്‍നിന്ന് 10 വിക്കറ്റും. 108 ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍നിന്ന് 424 വിക്കറ്റുകള്‍ സ്വന്തമാക്കിയ താരമാണ്.

Content Highlights: Pragyan Ojha retires from all forms of cricket