Photo: AFP
ഗല്ലെ: ശ്രീലങ്കന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയമാണ് പ്രഭാത് ജയസൂര്യ എന്ന ഇടംകൈയ്യന്‍ സ്പിന്നര്‍. തുടര്‍ച്ചയായി വിക്കറ്റുകള്‍ വീഴ്ത്തി ഇതിനോടകം ക്രിക്കറ്റ് പ്രേമികളുടെ മനം കീഴടക്കാന്‍ താരത്തിന് സാധിച്ചു. ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത ജയസൂര്യ ഇപ്പോള്‍ നടക്കുന്ന പാകിസ്താനെതിരായ ആദ്യ ടെസ്റ്റിലും തകര്‍പ്പന്‍ ബൗളിങ്ങാണ് കാഴ്ചവെയ്ക്കുന്നത്.
പാകിസ്താനെതിരേ ആദ്യ ഇന്നിങ്‌സില്‍ ജയസൂര്യ അഞ്ചുവിക്കറ്റ് സ്വന്തമാക്കി. ഈ അഞ്ചുവിക്കറ്റ് നേട്ടത്തോടെ അപൂര്‍വമായ ഒരു റെക്കോഡാണ് താരം സ്വന്തമാക്കിയത്. അരങ്ങേറിയ ഉടന്‍ തുടര്‍ച്ചയായി മൂന്ന് ഇന്നിങ്‌സുകളില്‍ അഞ്ചുവിക്കറ്റ് വീഴ്ത്തുന്ന ആദ്യ ഏഷ്യന്‍ താരം എന്ന റെക്കോഡാണ് താരം സ്വന്തമാക്കിയത്.
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് മത്സരത്തിലാണ് താരം അരങ്ങേറ്റം കുറിച്ചത്. മത്സരത്തില്‍ രണ്ട് ഇന്നിങ്‌സിലും ആറ് വീതം വിക്കറ്റ് വീഴ്ത്തിയ ജയസൂര്യ പാകിസ്താനെതിരായ തന്റെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ അഞ്ചുവിക്കറ്റെടുത്തു. ഇതോടെ മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് താരത്തിന്റെ വിക്കറ്റ് നേട്ടം 17 ആയി മാറി.
ടെസ്റ്റ് കരിയറിലെ ആദ്യ മൂന്ന് ഇന്നിങ്‌സുകളിലും അഞ്ചുവിക്കറ്റ് വീതം വീഴ്ത്തുന്ന ലോകത്തിലെ തന്നെ മൂന്നാമത്തെ മാത്രം താരമാണ് ജയസൂര്യ. ഇംഗ്ലണ്ടിന്റെ ടോം റിച്ചാര്‍ഡ്‌സണ്‍, ഓസ്‌ട്രേലിയയുടെ ക്ലാരി ഗ്രിമ്മെറ്റ് എന്നിവരാണ് ഈ നേട്ടം ഇതിനുമുന്‍പ് സ്വന്തമാക്കിയവര്‍. ടെസ്റ്റ് ക്രിക്കറ്റിലെ ബൗളിങ് രാജാക്കന്മാര്‍ക്കൊന്നും നേടാനാകാത്ത അപൂര്‍വ റെക്കോഡാണ് ജയസൂര്യ സ്വന്തമാക്കിയത്.
ജയസൂര്യയുടെ പ്രകടനത്തിന്റെ ബലത്തില്‍ ശ്രീലങ്ക പാകിസ്താനെ ആദ്യ ഇന്നിങ്‌സില്‍ വെറും 218 റണ്‍സിന് ഓള്‍ ഔട്ടാക്കി. ആദ്യ ഇന്നിങ്‌സില്‍ ശ്രീലങ്ക 222 റണ്‍സാണ് നേടിയത്. ഇതോടെ ആദ്യ ഇന്നിങ്‌സില്‍ നാല് റണ്‍സ് ലീഡും നേടാന്‍ ആതിഥേയര്‍ക്ക് സാധിച്ചു. രണ്ടാം ഇന്നിങ്‌സില്‍ ബാറ്റിങ് ആരംഭിച്ച ശ്രീലങ്ക രണ്ടാം ദിനം മത്സരം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെടുത്തിട്ടുണ്ട്. നിലവില്‍ ടീമിന് 40 റണ്‍സ് ലീഡുണ്ട്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..