ന്യൂഡല്‍ഹി: കോവിഡ് മൂലം ലോക കായികരംഗത്ത് സംഭവിച്ച സാമ്പത്തിക ആഘാതം വളരെ വലുതാണ്. കായിക സംഘടനകള്‍ പലതും ഇത് മറികടക്കാനുള്ള ആശയങ്ങള്‍ ആലോചിക്കുകയാണ്. ഇപ്പോഴിതാ കോവിഡ് വരുത്തിവെച്ച സാമ്പത്തിക നഷ്ടം മറികടക്കാന്‍ ബി.സി.സി.ഐ പുതിയൊരു സാധ്യതയെ കുറിച്ച് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

ഒരേസമയം രണ്ടു ടീമുകളുമായി രണ്ട് വ്യത്യസ്ത പരമ്പകള്‍ കളിക്കുക എന്ന ആശയമാണ് ബി.സി.സി.ഐയുടെ പക്കലുള്ളതെന്ന് ഒരു ബോര്‍ഡ് ഒഫീഷ്യലിനെ ഉദ്ധരിച്ച് സ്‌പോര്‍ട്‌സ് സ്റ്റാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഒരു ടീം പകല്‍ ടെസ്റ്റ് പരമ്പര കളിക്കുമ്പോള്‍ മറ്റൊരു ടീം വൈകീട്ട് ട്വന്റി 20 പരമ്പരയും കളിക്കും. അതായത് രണ്ട് വ്യത്യസ്ത ഇന്ത്യന്‍ സ്‌ക്വാഡിനെ വ്യത്യസ്ത പരമ്പരകള്‍ക്കായി വിന്യസിക്കുക.  

കോടികള്‍ മുടക്കി മത്സരങ്ങളുടെ സംപ്രേഷണാവകാശം വാങ്ങിയ ടെലിവിഷന്‍ ചാനലുകളുടെയും സ്‌പോണ്‍സര്‍മാരുടെയും താത്പര്യം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ബി.സി.സി.ഐക്കുണ്ടെന്നും ഈ ബോര്‍ഡ് ഒഫീഷ്യല്‍ പറഞ്ഞു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമരൂപമായിട്ടില്ല.

ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഓയിന്‍ മോര്‍ഗനും നേരത്തെ ഇത്തരമൊരു ആശയം മുന്നോട്ടുവെച്ചിരുന്നു. ഏകദിന - ട്വന്റി 20 മത്സരങ്ങളും ടെസ്റ്റും ഒരേസമയം നടത്താന്‍ ഓരോ രാജ്യവും രണ്ട് വ്യത്യസ്ത ടീമുകളെ ഒരുക്കണമെന്നായിരുന്നു അത്.

ഇത് പ്രാവര്‍ത്തികമായാല്‍ രണ്ട് ഇന്ത്യന്‍ ടീം ഒരേ സമയം രണ്ടിടത്ത് രണ്ട് വ്യത്യസ്ത മത്സരങ്ങള്‍ കളിക്കുന്ന കാഴ്ച കാണാം. 2017-ല്‍ ഓസ്‌ട്രേലിയ ഇത്തരം ഒരു പരീക്ഷണം നടത്തിയിരുന്നു. 2017 ഫെബ്രുവരി 22-ന് ശ്രീലങ്കയ്‌ക്കെതിരേ അഡ്ലെയ്ഡില്‍ ട്വന്റി 20 മത്സരം കളിച്ചതിന്റെ തൊട്ടടുത്ത ദിവസം ഓസ്‌ട്രേലിയയുടെ ടെസ്റ്റ് ടീം പുണെയില്‍ ഇന്ത്യയ്‌ക്കെതിരേ കളത്തിലിറങ്ങിയിരുന്നു.

Content Highlights: post covid BCCI considering Team India to play two matches simultaneously report