photo: Getty Images
ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി-20 ലോകകപ്പിലെ വിജയിയെ പ്രവചിച്ച് മുന്‍ ഓസീസ് നായകന് റിക്കി പോണ്ടിങ്. ഇത്തവണത്തെ ലോകകപ്പില്‍ കിരീടം നേടുന്നത് ഓസ്ട്രേലിയയായിരിക്കുമെന്നാണ് പോണ്ടിങിന്റെ പ്രവചനം. ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയുമായിരിക്കും ഏറ്റുമുട്ടുക. അതില്‍ ഓസ്ട്രേലിയ ഇന്ത്യയെ തോല്‍പ്പിക്കുമെന്നും പോണ്ടിങ് അഭിപ്രായപ്പെട്ടു. ഓസ്ട്രേലിയയില്‍ വെച്ച് നടക്കുന്ന ടൂര്‍ണമെന്റായതിനാല്‍ നിലവിലെ ചാമ്പ്യന്മാര് കൂടിയായ ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
ഇംഗ്ലണ്ട് മികച്ച വൈറ്റ്-ബോള്‍ ടീമാണ്. ഇന്ത്യക്കും ഓസ്ട്രേലിയക്കും പുറമേ ഇംഗ്ലണ്ടും ലോകകപ്പില്‍ മികച്ച പ്രകടനം കാഴ്ചവെക്കുമെന്നും പോണ്ടിങ് പറഞ്ഞു.
എന്നാല്‍ ലോകകപ്പില്‍ പാക്കിസ്താന് കിരീടം നേടാന്‍ സാധ്യതയില്ലെന്നാണ് താരത്തിന്റെ പ്രവചനം. ബാബര്‍ അസം ടൂര്‍ണമെന്റില്‍ തിളങ്ങിയില്ലെങ്കില്‍ അവര്‍ക്ക് കിരീടം നേടാന്‍ സാധിക്കുമെന്ന് കരുതുന്നില്ലെന്നും പോണ്ടിങ് കൂട്ടിച്ചേര്‍ത്തു. ഈ ലോകകപ്പില്‍ വിജയിച്ച് പാക്കിസ്താന് രണ്ടാം ട്വന്റി-20 ലോകകപ്പ് സ്വന്തമാക്കുമെന്ന് ഈയിടെ മുന്‍ പാക്കിസ്താന് താരം വഖര്‍ യൂനിസ് അഭിപ്രായപ്പെട്ടിരുന്നു.
ലോകകപ്പ് പോലൊരു ടൂര്‍ണമെന്റ് വിജയിക്കാന്‍ അല്‍പ്പം ഭാഗ്യം വേണമെന്നും ന്യൂസിലന്റ്, പാകിസ്താന്, വെസ്റ്റിന്‍ഡീസ് ടീമുകള്‍ ഫൈനലിലെത്തിയാല്‍ അത്ഭുതപ്പെടാനില്ലെന്നും മുന്‍ ഓസ്ട്രേലിയന്‍ നായകന് പറഞ്ഞു. രണ്ട് തവണ ഏകദിന ലോകകപ്പ് നേടിയ ഓസ്ട്രേലിയന്‍ നായകനാണ് പോണ്ടിങ്.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..