ആന്റിഗ്വ: കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ വെടിക്കെട്ട് ബാറ്റിങ്ങുമായി വിന്‍ഡീസ് താരം കീറോണ്‍ പൊള്ളാര്‍ഡ്. നിര്‍ണായക മത്സരത്തില്‍ സെന്റ് ലൂസിയ് സ്റ്റാര്‍സിനെ വിജയത്തിലേക്ക് നയിച്ചാണ് പൊള്ളാര്‍ഡ് താരമായത്. തോറ്റാല്‍ പുറത്താകുമെന്ന അവസ്ഥയില്‍ കളിക്കാനിറങ്ങിയ സെന്റ് ലൂസിയക്കായി ഒരോവറില്‍ 30 റണ്‍സാണ് ക്യാപ്റ്റന്‍ പൊള്ളാര്‍ഡ് നേടിയത്. ആമസോണ്‍ വാരിയേഴ്‌സിനെതിരെയായിരുന്നു പൊള്ളാര്‍ഡിന്റെ ഈ വെടിക്കെട്ട്. 

ആദ്യം ബാറ്റ് ചെയ്ത ആമസോണ്‍ 20 ഓവറില്‍ 140 റണ്‍സടിച്ചു. താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടര്‍ന്ന സെന്റ് ലൂസിയയുടെ തുടക്കം തന്നെ പിഴച്ചു. അവസാനം മൂന്നോവറില്‍ വിജയിക്കാന്‍ 31 റണ്‍സെന്ന അവസ്ഥയിലെത്തി സെന്റ് ലൂസിയ.

18-ാം ഓവറില്‍ പൊള്ളാര്‍ഡ് അവസരത്തിനൊത്തുയര്‍ന്നു. ദേവേന്ദ്ര ബിഷു എറിഞ്ഞ ആ ഓവറില്‍ മൂന്ന് സിക്‌സും മൂന്നു ഫോറും അടിച്ച് 30 റണ്‍സാണ് പൊള്ളാര്‍ഡ് നേടിയത്. ഇതോടെ സെന്റ് ലൂസിയ അനായാസം വിജയത്തിലെത്തി. 18 പന്തില്‍ 41 റണ്‍സെടുത്ത് പൊള്ളാര്‍ഡ് പുറത്താകാതെ 45 പന്തില്‍ 46 റണ്‍സുമായി ആന്ദ്രെ ഫ്ലെച്ചറും സെന്റ് ലൂസിയയുടെ വിജയത്തില്‍ നിര്‍ണായകമായി. 

Content Highlights: Pollard blitz leads St Lucia to victory