ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള രാഷ്ട്രീയ സാഹചര്യത്തിന്റെ അടിസ്ഥാനത്തില്‍ താനും വിരാട് കോലിയുമായുള്ള ഹൃദ്യമായ ബന്ധത്തെ നിര്‍വചിക്കാനാകില്ലെന്ന് മുന്‍ പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി. ഏറെ ബഹുമാനവും സ്‌നേഹവും കാണിക്കുന്ന വ്യക്തിയാണ് കോലി. ഞാന്‍ എന്റെ രാജ്യത്തെ ക്രിക്കറ്റ് അംബാസിഡറെന്ന പോലെ ഇന്ത്യയില്‍ അത് കോലിയാണ്. ഒരു വ്യക്തിയെന്ന നിലയില്‍ രണ്ടു രാജ്യത്തെ താരങ്ങള്‍ തമ്മിലുള്ള ഹൃദയം ബന്ധം എങ്ങിനെ മുന്നോ്ട്ടുകൊണ്ടുപോകാമെന്ന് കോലിക്ക് മനോഹരമായി അറിയാം. അഫ്രീദി പറയുന്നു.

പാകിസ്താന് ശേഷം തനിക്ക് ഏറ്റവും കൂടുതല്‍ സ്‌നേഹം കിട്ടിയത് ഇന്ത്യയില്‍ നിന്നും ഓസ്‌ട്രേലിയയില്‍ നിന്നുമാണെന്നും അഫ്രീദി പറഞ്ഞു. തന്റെ ക്രിക്കറ്റ് ഫൗണ്ടേഷനിലേക്ക് സംഭാവനയായി കോലി ബാറ്റു നല്‍കിയതും അഫ്രീദി സൂചിപ്പിച്ചു. സ്വന്തം ഒപ്പ് രേഖപ്പെടുത്തിയ ബാറ്റാണ് കോലി സമ്മാനിച്ചത്. സന്നദ്ധ സംഘടനയുടെ ഫണ്ട് ശേഖരണാര്‍ത്ഥം ലേലം ചെയ്യാനായിരുന്നു കോലി ബാറ്റില്‍ ഒപ്പിട്ടു നല്‍കിയത്. ഇതിന് കോലിക്ക് നന്ദി അറിയിച്ച് അഫ്രീദി ട്വീറ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇംഗ്ലണ്ടിലായിരുന്നു അഫ്രീദിയുടെ ഫൗണ്ടേഷന്‍ കോലിയുടെ ഒപ്പുള്ള ബാറ്റ് ലേലത്തിന് വച്ച് ലക്ഷങ്ങള്‍ നേടിയത്. ആ പൈസ ഉപയോഗിച്ച് സിന്ധ് പ്രവിശ്യയിലെ തര്‍പാകറില്‍ പുതിയൊരു ആശുപത്രി അഫ്രീദിയുടെ ഫൗണ്ടേഷന്‍ നിര്‍മിക്കുകയും ചെയ്തു. 

നിലവില്‍ വിരാട് ഇന്ത്യന്‍ ടീമിനെ മികച്ച രീതിയിലാണ് നയിക്കുന്നത്. അദ്ദേഹത്തിന്റെ അക്രമണോത്സുകത പ്രശ്‌നമാണെന്ന് ഞാന്‍ കരുതുന്നില്ല. അത് നിയന്ത്രിക്കാന്‍ വിരാടിന് തന്നെ അറിയാം. ധോനിയില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് കോലിയുടെ സ്വഭാവം. അഫ്രീദി കൂട്ടിച്ചേര്‍ത്തു. 

Content Highlights: Politics Can't Define My Cordial Relation with Kohli Shahid Afridi