ന്യൂഡല്‍ഹി: ഇന്ത്യന്‍ വനിതാ ഏകദിന ടീം ക്യാപ്റ്റന്‍ മിതാലി രാജിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രതിമാസ റേഡിയോ പരിപാടിയായ മന്‍ കി ബാത്തിലാണ് മോദി താരത്തെ പ്രശംസിച്ചത്. 

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 10,000 റണ്‍സ് പിന്നിടുന്ന ആദ്യ ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് താരമെന്ന നേട്ടം അടുത്തിടെ മിതാലി സ്വന്തമാക്കിയിരുന്നു. ഈ നേട്ടത്തില്‍ മിതാലിയെ അഭിനന്ദിക്കാനും പ്രധാനമന്ത്രി മറന്നില്ല.

മിതാലിയുടെ വിജയഗാഥ വനിതകള്‍ക്ക് മാത്രമല്ല എല്ലാ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. 

ഏകദിനത്തില്‍ 7,000 റണ്‍സ് നേടിയ ആദ്യ വനിതാ ക്രിക്കറ്റ് താരവും കൂടിയാണ് മിതാലി. വനിതാ ക്രിക്കറ്റിന് താരം നല്‍കിയ സംഭാവന വളരെവലുതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

''രണ്ട് പതിറ്റാണ്ട് നീണ്ട തന്റെ കരിയറിലൂടെ അവര്‍ പലര്‍ക്കും പ്രചോദനമായിട്ടുണ്ട്. അവരുടെ കഠിനാധ്വാനത്തിന്റെയും വിജയത്തിന്റെയും കഥ സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷ ക്രിക്കറ്റ് താരങ്ങള്‍ക്കും പ്രചോദനമാണ്.'' - മോദി പറഞ്ഞു. 

ഇന്റര്‍നാഷണല്‍ ഷൂട്ടിംഗ് സ്‌പോര്‍ട്ട് ഫെഡറേഷന്റെ (ഐ.എസ്.എസ്.എഫ്) ഷൂട്ടിങ് ലോകകപ്പിലെ ഇന്ത്യന്‍ താരങ്ങളേയും ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനെയും മോദി അഭിനന്ദിച്ചു.

Content Highlights: PM Modi Hails Cricketer Mithali Raj