വെല്ലിങ്ടണ്‍: ഓസ്‌ട്രേലിയ-പാകിസ്താന്‍ രണ്ടാം ടെസ്റ്റിനിടെ നടന്ന പാക് താരം അസ്ഹര്‍ അലിയുടെ കോമഡി റണ്ണൗട്ടിനു പിന്നാലെ ചിരിയുണര്‍ത്തി ഇതാ മറ്റൊരു റണ്ണൗട്ടു കൂടി.

ഇത്തവണ ന്യൂസിലന്‍ഡില്‍ നിന്നാണ് ചിരിയുണര്‍ത്തുന്ന രംഗങ്ങള്‍. വെല്ലിങ്ടണില്‍ പ്ലങ്കറ്റ് ഷീല്‍ഡ് ടൂര്‍ണമെന്റില്‍ വെല്ലിങ്ടണും ഒട്ടാഗോ വോള്‍ട്ട്‌സും തമ്മിലുള്ള മത്സരത്തിനിടെയായിരുന്നു ഈ രസകരമായ റണ്ണൗട്ട്. രണ്ടാമത്തെ റണ്ണിനായുള്ള ഓട്ടത്തിനിടെ രണ്ടു ബാറ്റ്‌സ്മാന്‍മാരും പിച്ചിനടുത്ത് തെന്നിവീണതാണ് റണ്ണൗട്ടിന് കാരണമായത്.

സംഭവം ഇങ്ങനെ: മത്സരത്തില്‍ രണ്ടാമത് ബാറ്റ് ചെയ്ത ഒട്ടാഗോ വോള്‍ട്ട്‌സ് ആറിന് 114 എന്ന നിലയിലായിരുന്നു. ക്രീസിലുള്ളത് നഥാന്‍ സ്മിത്തും മൈക്കല്‍ റിപ്പണും. വെല്ലിങ്ടണിന്റെ ഹമീഷ് ബെനറ്റിന്റെ പന്ത് റിപ്പണ്‍ സ്‌ക്വയര്‍ ലെഗിലേക്ക് കളിച്ചു. എളുപ്പത്തില്‍ രണ്ടു റണ്‍സ് പൂര്‍ത്തിയാക്കാമായിരുന്ന ഷോട്ട്. 

എന്നാല്‍ ആദ്യ റണ്‍ വളരെ ലളിതമായി പൂര്‍ത്തിയാക്കിയ റിപ്പണ്‍ രണ്ടാം സിംഗിള്‍ ഓടാന്‍ ശ്രമിക്കുന്നതിനിടെ ബൗളിങ് എന്‍ഡില്‍ തെന്നി വീഴുകയായിരുന്നു. സ്മിത്താകട്ടെ ഇതൊന്നും അറിയാതെ പന്തിനെ മാത്രം ശ്രദ്ധിച്ചുകൊണ്ട് ബൗളിങ് എന്‍ഡിലേക്ക് ഓടാന്‍ തുടങ്ങിയിരുന്നു. ഓടി പകുതി എത്തിയപ്പോഴാണ് റിപ്പണ്‍ വീണുകിടക്കുന്നത് സ്മിത്ത് കണ്ടത്. ഉടന്‍ തിരിഞ്ഞോടാന്‍ ശ്രമിച്ച സ്മിത്തും അവിടെ തെന്നി വീണു. ഇതിനിടയില്‍ പന്ത് ലഭിച്ച വിക്കറ്റ് കീപ്പര്‍ ലോച്ചി ജോണ്‍സ് ബെയ്ല്‍സ് ഇളക്കി. താന്‍ പുറത്താകുന്നത് പിച്ചിനടുത്ത് കിടന്ന് നോക്കിനില്‍ക്കാനായിരുന്നു സ്മിത്തിന്റെ വിധി.

Content Highlights: Plunket shield otago volts batsmen get involved in a hilarious run out