അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോര്‍ഡര്‍-ഗവാസ്‌കര്‍ ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. 

വിരാട് കോലി ടീമിനെ നയിക്കും. പൃഥ്വി ഷാ, ഹനുമ വിഹാരി തുടങ്ങിയവര്‍ ടീമിലിടം നേടിയപ്പോള്‍ വിശ്വസ്ത ബാറ്റ്‌സ്മാന്‍ കെ.എല്‍.രാഹുല്‍, ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ, ഋഷഭ് പന്ത് എന്നിവര്‍ക്ക് ടീമിലിടം നേടാനായില്ല. പന്തിന് പകരം വൃദ്ധിമാന്‍ സാഹ ടീമിന്റെ വിക്കറ്റ് കീപ്പറാകും. പകലും രാത്രിയുമായാണ് ആദ്യ ടെസ്റ്റ് ആരംഭിക്കും. 

ക്യാപ്റ്റന്‍ കോലിയ്ക്ക് പുറമേ മായങ്ക് അഗര്‍വാള്‍, പൃഥ്വിഷാ, ചേതേശ്വര്‍ പൂജാര, വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ, വിക്കറ്റ് കീപ്പര്‍ വൃദ്ധിമാന്‍ സാഹ എന്നിവരടങ്ങുന്നതാണ് ബാറ്റിങ് നിര. ഓള്‍റൗണ്ടര്‍മാരായ ഹനുമ വിഹാരിയും അശ്വിനും നന്നായി ബാറ്റ് ചെയ്യുന്നവരാണ്. ബുംറ നയിക്കുന്ന ബൗളിങ് വിഭാഗത്തില്‍ മുഹമ്മദ് ഷമി, ഉമേഷ് യാദവ് എന്നിവരും ടീമില്‍ ഇടം നേടി. സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി അശ്വിന്‍ മാത്രമാണ് ടീമിലുള്ളത്. പേസിനെ തുണയ്ക്കുന്ന പിച്ചില്‍ മൂന്ന് പേസര്‍മാരെയാണ് ഇന്ത്യ അണിനിരത്തുക.

ടീം ലൈനപ്പ്: വിരാട് കോലി (നായകന്‍), മായങ്ക് അഗര്‍വാള്‍, പൃഥ്വി ഷാ, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ഉപനായകന്‍), ഹനുമ വിഹാരി, വൃദ്ധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), രവിചന്ദ്ര അശ്വിന്‍, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ

Content Highlights:Playing XI for the first Border-Gavaskar Test against Australia starting tomorrow in Adelaide