പിഎല്‍ പുതിയ സീസണില്‍ ഓരോ ടീമും താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും എംഎസ് ധോനിയും പ്രതിഫലം കുറച്ചിരുന്നു. എന്നാല്‍ ചില താരങ്ങള്‍ക്ക് ഉയര്‍ന്ന പ്രതിഫലം നല്‍കിയാണ് ടീമുകള്‍ നിലനിര്‍ത്തിയത്. വെങ്കിടേഷ് അയ്യര്‍, റുതുരാജ് ഗെയ്ക്ക്‌വാദ്, അര്‍ശദീപ് സിങ്ങ്, മായങ്ക് അഗര്‍വാള്‍, അബ്ദുല്‍ സമദ് എന്നീ യുവതാരങ്ങള്‍ക്കാണ് ലോട്ടറി അടിച്ചത്. 

വെങ്കിടേഷ് അയ്യര്‍

ഐപിഎല്‍ 2020 സീസണ്‍ വെങ്കിടേഷ് അയ്യര്‍ക്ക് സമ്മാനിച്ചത് നേട്ടങ്ങള്‍ മാത്രമാണ്. 10 മത്സരങ്ങളില്‍ നിന്ന് 370 റണ്‍സും മൂന്നു വിക്കറ്റുമാണ് ഓള്‍റൗണ്ടര്‍ നേടിയത്. അരങ്ങേറ്റ ഐപിഎല്ലില്‍ തിളങ്ങിയതോടെ ഇന്ത്യന്‍ ടീമിലേക്കുള്ള വിളിയും താരത്തെ തേടിയെത്തി. 

20 ലക്ഷം രൂപയ്ക്കാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കഴിഞ്ഞ സീസണില്‍ വെങ്കിടേഷിനായി മുടക്കിയത്. എന്നാല്‍ ഇത്തവണ താരത്തെ നിലനിര്‍ത്തിയപ്പോള്‍ വീശിയെറിഞ്ഞത് എട്ടു കോടി രൂപയാണ്. അതായത് 40 ഇരട്ടി വര്‍ധനവാണ് പ്രതിഫലത്തിലുണ്ടായത്.

റുതുരാജ് ഗെയ്ക്ക്‌വാദ്

ഐപിഎല്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കിരീടത്തില്‍ നിര്‍ണായക പങ്കുവഹിച്ച താരമാണ് റുതുരാജ് ഗെയ്ക്ക്‌വാദ്. ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയവര്‍ക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കിയ താരം ഇന്ത്യന്‍ ജഴ്‌സിയിലും അരങ്ങേറി. 

ആ സീസണില്‍ 20 ലക്ഷമാണ് ചെന്നൈ റുതുരാജിനായി മുടക്കിയിരുന്നത്. എന്നാല്‍ ഇത്തവണ താരത്തെ ടീമില്‍ നിലനിര്‍ത്തിയപ്പോള്‍ ആറു കോടി രൂപയാണ് പ്രതിഫലമായി നല്‍കിയത്. അതായത് 30 ഇരട്ടി വര്‍ധനവാണുണ്ടായത്. 

അര്‍ശദീപ് സിങ്ങ്

ഐപിഎല്‍ കഴിഞ്ഞ സീസണില്‍ 20 ലക്ഷം മുടക്കി പഞ്ചാബ് കിങ്‌സ് ടീമിലെത്തിച്ച പേസ് ബൗളറാണ് അര്‍ശദീപ് സിങ്ങ്. ഇത്തവണ നാല് കോടി രൂപ മുടക്കി താരത്തെ പഞ്ചാബ് നിലനിര്‍ത്തി. പ്രതിഫലത്തില്‍ 20 ഇരട്ടി വര്‍ധനവ്. 

മൊഹാലിയില്‍ നിന്നുള്ള അര്‍ശദീപ് കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 18 വിക്കറ്റ് വീഴ്ത്തി. ഒരു തവണ അഞ്ചു വിക്കറ്റ് നേട്ടവും സ്വന്തമാക്കി. ഐപിഎല്ലില്‍ ആകെ 23 മത്സരങ്ങളില്‍ 30 വിക്കറ്റാണ് നേടിയത്. 

മായങ്ക് അഗര്‍വാള്‍

12 കോടി രൂപ നല്‍കിയാണ് മായങ്ക് അഗര്‍വാളിനെ പഞ്ചാബ് കിങ്‌സ് നിലനിര്‍ത്തിയത്. കഴിഞ്ഞ സീസണില്‍ നിന്ന് പ്രതിഫലത്തില്‍ 12 ഇരട്ടി വര്‍ധനവ്. 2018-ല്‍ ഒരു കോടി രൂപ മുടക്കിയാണ് താരത്തെ പഞ്ചാബ് തട്ടകത്തിലെത്തിച്ചത്. 

കഴിഞ്ഞ സീസണില്‍ 12 മത്സരങ്ങളില്‍ 441 റണ്‍സാണ് വലങ്കയ്യന്‍ ബാറ്റ്‌സ്മാനായ മായങ്ക് നേടിയത്. പുറക്കാതെ നേടിയ 99 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. 2020-ലും 400-ല്‍ അധികം റണ്‍സ് നേടി. 

അബ്ദുല്‍ സമദ്

സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിലനിര്‍ത്തിയ അബ്ദുല്‍ സമദിന്റെ പ്രതിഫലത്തില്‍ 20 ഇരട്ടി വര്‍ധനവാണുണ്ടായത്. കഴിഞ്ഞ സീസണില്‍ 20 ലക്ഷം ലഭിച്ചിരുന്ന സമദിന് ഇത്തവണ നാല് കോടി രൂപ ഹൈദരാബാദ് മുടക്കി. 

ഓള്‍റൗണ്ടറായ പതിനെട്ടുകാരന്‍ കഴിഞ്ഞ സീസണില്‍ 11 മത്സരങ്ങളില്‍ 111 റണ്‍സും ഒരു വിക്കറ്റും നേടി. 2020 സീസണിലും 111 റണ്‍സും ഒരു വിക്കറ്റുമാണ് സമ്പാദ്യം. 

Content Highlights: Players whose salary increased by more than 10 times ahead of IPL Retention 2022