സിഡ്‌നി: ഓസീസ് മണ്ണില്‍ പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം ശനിയാഴ്ച തങ്ങളുടെ ആദ്യ ഔട്ട്‌ഡോര്‍ പരിശീലനത്തിനിറങ്ങി. ടീം അംഗങ്ങള്‍ക്കായി നടത്തിയ കോവിഡ് പരിശോധനയില്‍ എല്ലാവരും നെഗറ്റീവായതോടെയാണ് ടീം പരിശീലനത്തിന് ഇറങ്ങിയത്.

12-ാം തീയതി ഓസ്‌ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീം 14 ദിവസം ക്വാറന്റൈനിലായിരിക്കും. ഇക്കാലയളവില്‍ പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഓസ്‌ട്രേലിയ ഒരുക്കിയിട്ടുണ്ട്. 

ടീം ഇന്ത്യയുടെ പരിശീലന സെഷനിലെ ചിത്രങ്ങള്‍ ബി.സി.സി.ഐ തങ്ങളുടെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡിലില്‍ പങ്കുവെച്ചിട്ടുണ്ട്. സിഡ്‌നി ഒളിമ്പിക് പാര്‍ക്കിലാണ് ടീമിന്റെ പരിശീലനം.

നവംബര്‍ 27-ന് ആരംഭിക്കുന്ന ഇന്ത്യയുടെ ഓസ്ട്രേലിയന്‍ പര്യടനം രണ്ടു മാസത്തോളം നീണ്ടുനില്‍ക്കുന്നതാണ്. നവംബര്‍ 27-ന് സിഡ്നിയില്‍ ആദ്യ ഏകദിന മത്സരത്തോടെ പര്യടനത്തിന് തുടക്കമാകും. മൂന്ന് ഏകദിനങ്ങളും മൂന്ന് ട്വന്റി 20 മത്സരങ്ങളും നാല് ടെസ്റ്റുകളുമാണ് പരമ്പരയിലുള്ളത്. 

പരമ്പരയിലെ രണ്ടാം ഏകദിനവും സിഡ്നിയില്‍ തന്നെയാണ്. മൂന്നാം ഏകദിനം കാന്‍ബറയില്‍ നടക്കും. ഡിസംബര്‍ നാലിന് കാന്‍ബറയില്‍ തന്നെ ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകും. ഡിസംബര്‍ ആറിനും എട്ടിനും സിഡ്നിയില്‍ രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍ നടക്കും. 

ഡിസംബര്‍ 11-ന് ഓസ്ട്രേലിയ എ ടീമുമാണ് ഇന്ത്യ പരിശീലന മത്സരം കളിക്കും. ഡിസംബര്‍ 17-നാണ് ടെസ്റ്റ് പരമ്പര ആരംഭിക്കുന്നത്. അഡ്ലെയ്ഡിലാണ് മത്സരം. ഡിസംബര്‍ 26-ന് മെല്‍ബണില്‍ രണ്ടാം ടെസ്റ്റും ജനുവരി ഏഴിന് സിഡ്നിയില്‍ മൂന്നാം ടെസ്റ്റും നടക്കും. ജനുവരി 15-ന് ബ്രിസ്ബെയ്നിലാണ് അവസാന ടെസ്റ്റ്.

Content Highlights: players test negative for Covid 19 Team India starts outdoor training in Australia