ഹമ്മദാബാദില്‍ വ്യാഴാഴ്ച സമാപിച്ച ഇന്ത്യയ്‌ക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെ 10 വിക്കറ്റ് തോല്‍വിയിലേക്ക് തള്ളിയിട്ടതെന്ത്? വരണ്ട പിച്ചിനെ പഴിച്ചതുകൊണ്ടുമാത്രം കാര്യമില്ലെന്ന് ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളടക്കമുള്ളവര്‍ നിരീക്ഷിക്കുന്നു.

രണ്ടുദിവസംകൊണ്ട് ടെസ്റ്റ് പൂര്‍ത്തിയായതില്‍ പിച്ചിന് വലിയ പങ്കുണ്ടെങ്കിലും ഇംഗ്ലണ്ടിന്റെ അനാവശ്യ ഭയവും അമിതപ്രതിരോധവും ആസൂത്രണത്തിലെ പിഴവുകളും തോല്‍വിക്ക് കാരണമായി എന്ന വിലയിരുത്തലുണ്ട്.

ഇന്ത്യ ഞങ്ങളെ തീര്‍ത്തും പിന്നിലാക്കി എന്ന് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് തുറന്നുസമ്മതിച്ചു. എന്നാല്‍, രണ്ടു ദിവസംകൊണ്ട് കളി അവസാനിച്ചതോടെ, അഞ്ചുദിവസത്തെ ടെസ്റ്റ് കാണാനെത്തിയവര്‍ വഞ്ചിക്കപ്പെട്ടെന്ന റൂട്ടിന്റെ പ്രസ്താവന പിച്ചിനെക്കുറിച്ചുള്ള ഒരു പരാതികൂടിയാണ്. നൂറാം ടെസ്റ്റിനിറങ്ങിയ ഇഷാന്ത് ശര്‍മ രണ്ടാം ഇന്നിങ്സില്‍ ഒരു ഓവര്‍പോലും ബൗള്‍ ചെയ്തിരുന്നില്ല. ഇത്തരം പ്രകടനങ്ങള്‍ കാണാനാകാത്തതില്‍ കാണികള്‍ക്ക് നിരാശയുണ്ടാകുമെന്നും മത്സരശേഷം റൂട്ട് പറഞ്ഞു.

രണ്ട് ഇന്നിങ്സിലുമായി ഇംഗ്ലണ്ട് നേടിയ 193 റണ്‍സ് ഇന്ത്യന്‍ മണ്ണില്‍ ഒരു ടീമിന്റെ ഏറ്റവും കുറഞ്ഞ ടെസ്റ്റ് സ്‌കോറാണ്. ഓരോ മത്സരത്തിലും കളിക്കാരെ മാറ്റിക്കൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിന്റെ 'റൊട്ടേഷന്‍ പോളിസി'യും തോല്‍വിക്ക് കാരണമായതായി മുന്‍ താരം ഇയാന്‍ ബെല്‍ അഭിപ്രായപ്പെട്ടു. 

മൂന്നാം ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്സന്‍, സ്റ്റുവര്‍ട്ട് ബ്രോഡ്, ജോഫ്ര ആര്‍ച്ചര്‍ എന്നീ മൂന്ന് സ്പെഷലിസ്റ്റ് പേസര്‍മാരുമായാണ് ഇംഗ്ലണ്ട് ഇറങ്ങിയത്. ഒപ്പം പേസ് ഓള്‍റൗണ്ടര്‍ ബെന്‍ സ്റ്റോക്‌സും. സ്പിന്നറായി ജാക് ലീച്ച് മാത്രം. ഒന്നാം ടെസ്റ്റിലെ വിജയശില്പിയായ ഡോം ബെസ്സിന് അവസരം നല്‍കാതെയാണ് മൂന്ന് പേസര്‍മാരെ കളിപ്പിച്ചത്. 

അഹമ്മദാബാദിലെ പിച്ച് പേസിന് അനുകൂലമാകും എന്ന കണക്കുകൂട്ടലിലാണ് ഇങ്ങനെ ചെയ്തത്. ഇന്ത്യയാകട്ടെ, ആര്‍. അശ്വിന്‍, അക്സര്‍ പട്ടേല്‍, വാഷിങ്ടണ്‍ സുന്ദര്‍ എന്നീ സ്പിന്നര്‍മാരെ കളിപ്പിച്ചു. പേസര്‍മാരായി ജസ്പ്രീത് ബുംറ, ഇഷാന്ത് ശര്‍മ എന്നീ രണ്ടുപേര്‍. ആകെ വീണ 30 വിക്കറ്റുകളില്‍ 28 എണ്ണം സ്പിന്നര്‍മാര്‍ സ്വന്തമാക്കിയ പിച്ചില്‍ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടല്‍ തെറ്റിയെന്നു വ്യക്തം. ഇംഗ്ലണ്ടിനുവേണ്ടി അഞ്ചുവിക്കറ്റെടുത്ത ജോ റൂട്ട് പാര്‍ട്ട് ടൈം സ്പിന്നറാണ്.

Content Highlights: Pitch or fear Where England went wrong in Ahmedabad test