Photo: twitter.com/BBL
മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ബിഗ് ബാഷ് ക്രിക്കറ്റ് ലീഗ് കിരീടം സ്വന്തമാക്കി പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ്. ഫൈനലില്‍ സിഡ്‌നി സിക്‌സേഴ്‌സിനെ 79 റണ്‍സിന് തകര്‍ത്താണ് സ്‌കോര്‍ച്ചേഴ്‌സ് കിരീടത്തില്‍ മുത്തമിട്ടത്. സ്‌കോര്‍ച്ചേഴ്‌സിന്റെ നാലാം ബി.ബി.എല്‍ കിരീടമാണിത്.
സ്‌കോര്‍ച്ചേഴ്‌സ് ഉയര്‍ത്തിയ 171 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ സിഡ്‌നി സിക്‌സേഴ്‌സ് വെറും 92 റണ്‍സിന് ഓള്‍ ഔട്ടായി. സ്‌കോര്‍: പെര്‍ത്ത് സ്‌കോര്‍ച്ചേഴ്‌സ് 20 ഓവറില്‍ ആറിന് 171. സിഡ്‌നി സിക്‌സേഴ്‌സ് 16.2 ഓവറില്‍ 92 ന് പുറത്ത്.
തകര്‍ത്തടിച്ച ലോറി ഇവാന്‍സിന്റെ മികവിലാണ് സ്‌കോര്‍ച്ചേഴ്‌സ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 41 പന്തുകളില്‍ നിന്ന് നാല് വീതം ഫോറിന്റെയും സിക്‌സിന്റെയും അകമ്പടിയോടെ പുറത്താവാതെ 76 റണ്‍സെടുത്ത ഇവാന്‍സും 35 പന്തുകളില്‍ നിന്ന് 54 റണ്‍സടിച്ച നായകന്‍ ആഷ്ടണ്‍ ടര്‍ണറുമാണ് സ്‌കോര്‍ച്ചേഴ്‌സിന് മികച്ച ടോട്ടല്‍ സമ്മാനിച്ചത്.
ഒരു ഘട്ടത്തില്‍ 25 ന് നാല് വിക്കറ്റ് എന്ന നിലയില്‍ തളര്‍ന്ന സ്‌കോര്‍ച്ചേഴ്‌സിനെ ഇവാന്‍സും ടര്‍ണറും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. സിക്‌സേഴ്‌സിനുവേണ്ടി നഥാന്‍ ലിയോണും സ്റ്റീവ് ഒകീഫിയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
172 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് മറുപടി ബാറ്റിങ് ആരംഭിച്ച സിഡ്‌നി സിക്‌സേഴ്‌സിന് ഒരു ഘട്ടത്തില്‍ പോലും വിജയപ്രതീക്ഷ നല്‍കാനായില്ല. 42 റണ്‍സെടുത്ത ഡാനിയല്‍ ഹ്യൂസ് മാത്രമാണ് സിക്‌സേഴ്‌സിനുവേണ്ടി പിടിച്ചുനിന്നത്. സിക്‌സേഴ്‌സ് നിരയില്‍ മൂന്ന് ബാറ്റര്‍മാര്‍ മാത്രമാണ് രണ്ടക്കം കണ്ടത്. സ്‌കോര്‍ച്ചേഴ്‌സിനുവേണ്ടി ആന്‍ഡ്രൂ ടൈ മൂന്ന് വിക്കറ്റെടുത്തപ്പോള്‍ റിച്ചാര്‍ഡ്‌സണ്‍ റണ്ട് വിക്കറ്റ് വീഴ്ത്തി.
ഹൊബാര്‍ട്ട് ഹറികെയ്‌നിന്റെ ബെന് മക്‌ഡെര്‍മോട്ടാണ് ടൂര്‍ണമെന്റിന്റെ താരം.
Content Highlights: Perth Scorchers crush Sydney Sixers to lift 4th BBL title
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..