ന്യൂഡല്‍ഹി: ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യയുടെ നേട്ടത്തിന് ക്യാപ്റ്റന്‍ വിരാട് കോലി അഭിനന്ദനങ്ഹള്‍ ഏറ്റുവാങ്ങുന്നതിനിടെ മുന്‍ നായകന്‍ എം.എസ് ധോനിയുടെ പരിശ്രമം ഓര്‍മപ്പെടുത്തി ചേതേശ്വര്‍ പൂജാര. ഇന്ത്യയെ ലോകോത്തര ടീമാകുന്നതില്‍ ധോനി വഹിച്ച പങ്ക് മറന്നുപോകരുതെന്ന് പൂജാര വ്യക്തമാക്കി.

'ടെസ്റ്റ് റാങ്കിങ്ങില്‍ ഇന്ത്യ ഒന്നാം സ്ഥാനം നിലനിര്‍ത്തിയതില്‍ സന്തോഷമുണ്ട്. ആത്മാര്‍ത്ഥമായി പരിശ്രമിച്ചിട്ടുതന്നെയാണ് ഇന്ത്യ ഒന്നാമതെത്തിയത്. ഇന്ത്യയില്‍ മാത്രമല്ല, വിദേശ പിച്ചുകളിലും ടീമിന് മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. കഴിഞ്ഞ രണ്ടു സീസണിലും ടീം ടെസ്റ്റില്‍ നന്നായി കളിച്ചുവെന്നത് ശരി തന്നെയാണ്. പക്ഷേ ധോനി ടീമിന് നല്‍കിയ പങ്ക് എന്താണെന്ന് മറക്കാന്‍ പാടില്ല' പൂജാര വ്യക്തമാക്കി.

2009 നവംബറില്‍ ധോനിയുടെ കീഴിലാണ് ഇന്ത്യ ഒന്നാം നമ്പര്‍ ടീമായത്. 2011 ഓഗസ്റ്റ് വരെ ഇന്ത്യ ആ സ്ഥാനത്ത് തുടര്‍ന്നു. ടീമംഗങ്ങളുടെ പരിശ്രമം അതിനു പിന്നിലുണ്ട്. വാണ്ടറേഴ്‌സിലെ മികച്ച പ്രകടനവും ഇതിന്റെ കൂട്ടത്തില്‍ വിലയിരുത്തേണ്ടതാണ്. ഇന്ത്യന്‍ ടീം വേറെ ലെവലിലെത്തി എന്നതിന്റെ തെളിവാണത്. പൂജാര കൂട്ടിച്ചേര്‍ത്തു.

ധോനിയുടെയും കോലിയുടെയും ക്യാപ്റ്റന്‍സി താരതമ്യം ചെയ്യാനാകില്ലെന്നും പൂജാര വ്യക്തമാക്കി. ധോനി കുറച്ചധികം കാലം ക്യാപ്റ്റനായിരുന്നിട്ടുണ്ട്. കോലി തുടങ്ങിയിട്ടേയുള്ളു. അതുകൊണ്ട് താരതമ്യം ചെയ്യാനാകില്ല. കുറച്ചു കാലത്തിന് ശേഷം താരതമ്യപ്പെടുത്താനാകും. ധോനിക്കും കോലിക്കും കീഴില്‍ ആസ്വദിച്ചാണ് കളിച്ചതും കളിക്കുന്നതും. പൂജാര ചൂണ്ടിക്കാട്ടി.