അഹമ്മദാബാദ്: ഇന്ത്യന്‍ ടീമിന്റെ മുന്നേറ്റത്തില്‍ ക്യാപ്റ്റന്‍ വിരാട് കോലിക്കുള്ള പ്രാധാന്യത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പ്രൊഫഷണലിസം ടീം അംഗങ്ങളില്‍ വരുത്തുന്ന സ്വാധീനത്തെക്കുറിച്ചും വാചാലനായി ടീമിന്റെ മുഖ്യ പരിശീലകന്‍ രവി ശാസ്ത്രി. 

ടീം ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട ശേഷം കഴിഞ്ഞ ആറു വര്‍ഷമായി മികച്ച ടീം കെട്ടിപ്പടുത്തതിന്റെ ക്രെഡിറ്റ് കോലിക്ക് തന്നെയാണെന്നാണ് ശാസ്ത്രിയുടെ അഭിപ്രായം.

ഈ ടീമിന്റെ വിജയത്തില്‍ വിരാട് കോലിയുടെ പങ്ക് അവഗണിക്കാനാവില്ലെന്നും ശാസ്ത്രി ചൂണ്ടിക്കാട്ടി. 

ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ആറ് ഇന്നിങ്‌സുകളില്‍ നിന്ന് 28.67 ശരാശരിയില്‍ വെറും 172 റണ്‍സ് മാത്രമേ ഇന്ത്യന്‍ നായകന് നേടാന്‍ സാധിച്ചുള്ളൂ. ഒരു അന്താരാഷ്ട്ര സെഞ്ചുറി പോലുമില്ലാതെ ഒരു വര്‍ഷത്തിലേറെയായി കോലിയുടെ കരിയര്‍ പോകുന്നു.

'''ടീമിന്റെ കാര്യത്തില്‍ വിരാട് കോലി വഹിക്കുന്ന പങ്ക് ഒരുപാട് ആളുകള്‍ മറക്കുന്നു. പ്രൊഫഷണലിസം, ജോലിയിലെ നൈതികത, വിശ്വാസം, ഫിറ്റ്‌നസ് എന്നിവയിലൊന്നും കോലി യാതൊരു ഒഴികഴിവുകള്‍ക്കും നില്‍ക്കില്ല. ഇതെല്ലാം ടീമിനെ സഹായിച്ചിട്ടുണ്ട്. ഇത്രയും സ്പിരിറ്റും സഹവര്‍ത്തിത്തവും നിറഞ്ഞ ഒരു ടീം ഞാന്‍ കണ്ടിട്ടില്ല. പരിശീലകനെന്ന നിലയില്‍ എന്റെ കുട്ടികളുടെ കാര്യത്തില്‍ എനിക്ക് അതിയായ അഭിമാനമുണ്ട്,'' - ഞായറാഴ്ച നടന്ന പത്രസമ്മേളനത്തില്‍ ശാസ്ത്രി പറഞ്ഞു.

Content Highlights: People forget the role he plays Ravi Shastri on Virat Kohli