ന്യൂഡല്‍ഹി: പാകിസ്താനെതിരായ ക്രിക്കറ്റ് പരമ്പര കളിക്കാന്‍ വിസമ്മതിച്ച ഇന്ത്യക്കെതിരേ നഷ്ടപരിഹാരം തേടി പാക് ക്രിക്കറ്റ് ബോര്‍ഡ്. 2015-നും 2023-നും ഇടയില്‍ ആറ് ദ്വിരാഷ്ട്ര പരമ്പരകള്‍ കളിക്കാന്‍ നേരത്തേ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ രാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം വഷളായതിനെത്തുടര്‍ന്ന് ഇന്ത്യ പരമ്പരയില്‍നിന്ന് പിന്മാറുകയായിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡ് ഏകദേശം 456 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നാണ് പാക് ബോര്‍ഡിന്റെ ആവശ്യം. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റെ (ഐ.സി.സി.) തര്‍ക്കപരിഹാര സമിതിക്ക് പരാതി നല്‍കുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്മാന് നജാം സേത്തി പറഞ്ഞു.
'നിഷ്പക്ഷവേദികളില് കളിക്കാമെന്നു പറഞ്ഞിട്ടും ഇന്ത്യ കളിക്കാന്‍ തയ്യാറായില്ല. എന്നാല്‍, ഐ.സി.സി. ടൂര്‍ണമെന്റുകളില്‍ പാകിസ്താനെതിരേ കളിക്കാന്‍ മടിയില്ല' -നജാം സേത്തി പറഞ്ഞു.