ഇസ്ലാമാബാദ്: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ക്രിക്കറ്റ് പരമ്പര നടന്നിട്ട് എട്ടു വർഷത്തോളമായി. ഇന്ത്യയുമായി ക്രിക്കറ്റ് മത്സരങ്ങൾ നടത്തണമെന്ന് പാകിസ്താൻ താരങ്ങളിൽ പലരും ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടായിട്ടില്ല. ഐ.പി.എല്ലിലും ഇതുതന്നെയാണ് അവസ്ഥ. ഐ.പി.എല്ലിന്റെ ആദ്യ സീസണിൽ 11 പാകിസ്താൻ താരങ്ങൾ കളിച്ചെങ്കിലും പിന്നീടുള്ള സീസണുകളിൽ പാക് താരങ്ങളെ ഉൾപ്പെടുത്തേണ്ടെന്ന് ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു. ഇരുരാജ്യങ്ങളും തമ്മിലുള്ള രാഷ്ട്രീയ പ്രശ്നങ്ങളായിരുന്നു ഈ തീരുമാനത്തിന് പിന്നിൽ.

ഇതിന് പിന്നാലെ ഇനി ഈ വിഷയത്തിൽ ചർച്ചയ്ക്കില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് മേധാവി എഹ്സാൻ മാനി. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

വർഷങ്ങളായി ബി.സി.സി.ഐയുമായി ചർച്ചകൾ നടത്തിയിരുന്നു. എന്നാൽ പാകിസ്താനെതിരായ മത്സരങ്ങളിൽ നിന്ന് ബി.സി.സി.ഐ വിട്ടുമാറുകയാണ്. ട്വന്റി-20 ആണെങ്കിലും മറ്റു പരമ്പരകളാണെങ്കിലും എല്ലാം ബി.സി.സി.ഐയുടെ കൈകളിലാണ്-എഹ്സാൻ മാനി വ്യക്തമാക്കുന്നു.

നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുമായി ട്വന്റി-20 പരമ്പര കളിക്കാൻ പാകിസ്താന് യാതൊരു ഉദ്ദേശവുമില്ല. ആദ്യം ഇരുരാജ്യങ്ങൾക്കുമിടയിലെ പ്രശ്നങ്ങൾ പരിഹരിക്കണം. അതിനുശേഷം നമുക്ക് സംസാരിക്കാം-മാനി പറയുന്നു.

ഐ.പി.എല്ലിലും ഇതേ നിലപാട് ആവർത്തിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ. പാക് താരങ്ങൾ ഒരിക്കലും ഐ.പി.എൽ കളിക്കണമെന്ന് വാശി പിടിക്കില്ലെന്നും ഐ.പി.എല്ലിൽ പാക് താരങ്ങളെ പങ്കെടുപ്പിക്കണമെന്ന് ബി.സി.സി.ഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയോട് ആവശ്യപ്പെടുകയില്ലെന്നും മാനി വ്യക്തമാക്കുന്നു.

ഏഷ്യാ കപ്പ് പാകിസ്താനിലാണ് നടക്കുന്നതെങ്കിൽ ഇന്ത്യൻ ടീമിനെ അയക്കില്ലെന്ന് ഈ വർഷം ആദ്യം ബി.സി.സി.ഐ നിലപാട് എടുത്തിരുന്നു. തുടർന്ന് ഏഷ്യാ കപ്പ് പാകിസ്താന് പുറത്തു എവിടെയെങ്കിലും നടത്താൻ തീരുമാനിക്കുകയായിരുന്നു. 14 വർഷമായി ഇന്ത്യയും പാകിസ്താനും തമ്മിൽ ടെസ്റ്റ് പരമ്പര കളിച്ചിട്ടില്ല. 2012-13ലാണ് പാകിസ്താൻ ടീം ഏകദിന പരമ്പര കളിക്കാൻ അവസാനമായി ഇന്ത്യയിലെത്തിയത്. ഐ.സി.സിയുടെ ടൂർണമെന്റുകളിൽ മാത്രമാണ് ഇരുരാജ്യങ്ങളും മുഖാമുഖം വരാറുള്ളത്.

Content Highlights: PCB chief says no intention of resuming bilateral cricket with India