സതാംപ്ടൺ: ഏകദിന പരമ്പര തൂത്തുവാരാൻ ഉറപ്പിച്ച് മൂന്നാം മത്സരത്തിന് ഇറങ്ങിയ ഇംഗ്ലണ്ടിനെ ഞെട്ടിച്ച് അയർലൻഡിന്റെ പോരാട്ടവീര്യം. ആദ്യം ബാറ്റ് ചെയ്ത് അയർലൻഡിനു മുന്നിൽ 329 റൺസ് വിജയലക്ഷ്യം ഉയർത്തിയ ഇംഗ്ലണ്ടിനെ പോൾ സ്റ്റിർലിങ്ങും ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനിയും ചേർന്ന് അടിച്ചൊതുക്കുകയായിരുന്നു.
ഒരു പന്തു ബാക്കിനിൽക്കെ ഏഴു വിക്കറ്റിനായിരുന്നു അയർലൻഡിന്റെ ജയം. ഇംഗ്ലണ്ട് മണ്ണിൽ അവർക്കെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ റൺചേസാണ് അയർലൻഡ് കുറിച്ചത്. 2002-ലെ നാറ്റ്വെസ്റ്റ് ട്രോഫിയിൽ സൗരവ് ഗാംഗുലിക്കു കീഴിൽ ഇന്ത്യ സ്ഥാപിച്ച 326 റൺസിന്റെ റെക്കോഡാണ് ഐറിഷ് ടീം തകർത്തത്.
ഏകദിനത്തിൽ ഇംഗ്ലണ്ടിനെതിരേ ഒരു ടീമിന്റെ ഏറ്റവും വലിയ നാലാമത്തെ റൺചേസാണിത്. റൺസ് പിന്തുടർന്നുള്ള അയർലൻഡിന്റെ ഏറ്റവും വലിയ വിജയവും ഇതു തന്നെ. 2011 ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരേ തന്നെ 328 റൺസ് ചേസ് ചെയ്തതായിരുന്നു അവരുടെ മുൻ റെക്കോർഡ്.
ആദ്യ രണ്ടു മത്സരങ്ങൾ ജയിച്ച ഇംഗ്ലണ്ട് നേരത്തെ തന്നെ പരമ്പര സ്വന്തമാക്കിയിരുന്നെങ്കിലും മൂന്നാം മത്സരത്തിലെ ത്രസിപ്പിക്കുന്ന ജയത്തോടെ അയർലൻഡ് തോൽവിയുടെ ആക്കം കുറച്ചു.
ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവരിൽ 328 റൺസിന് പുറത്തായി. ക്യാപ്റ്റൻ ഓയിൻ മോർഗൻ സെഞ്ചുറിയും ടോം ബാന്റൺ, ഡേവിഡ് വില്ലി എന്നിവരുടെ അർധ സെഞ്ചുറികളുമാണ് ഇംഗ്ലണ്ടിനെ മികച്ച സ്കോറിലെത്തിച്ചത്. 84 പന്തിൽ നിന്ന് നാലു സിക്സും 15 ഫോറുമടക്കം മോർഗൻ 106 റൺസെടുത്തു. ബാന്റൺ 58 റൺസും വില്ലി 51 റൺസും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയർലൻഡ് തകർത്തടിച്ചു തന്നെ തുടങ്ങി. 128 പന്തിൽ ആറു സിക്സും ഒമ്പത് ഫോറുമടക്കം പോൾ സ്റ്റിർലിങ് 142 റൺസെടുത്തപ്പോൾ 112 പന്തിൽ 12 ഫോറുകളോടെ ക്യാപ്റ്റൻ ആൻഡ്രു ബാൽബിർനി 113 റൺസും സ്വന്തമാക്കി. സ്റ്റിർലിങ്ങാണ് കളിയിലെ താരം. മൂന്നു മത്സരങ്ങളിലും തിളങ്ങിയ ഇംഗ്ലണ്ടിന്റെ ഡേവിഡ് വില്ലി പരമ്പരയുടെ താരമായി.
Content Highlights: Paul Stirling and Andrew Balbirnie masterclass Ireland stun England in 3rd ODI