മെല്‍ബണ്‍: ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകനായി ഫാസ്റ്റ് ബൗളര്‍ പാറ്റ് കമ്മിന്‍സിനെ തിരഞ്ഞെടുത്തു. ടിം പെയ്ന്‍ നായകസ്ഥാനം രാജിവെച്ചതിനേത്തുടര്‍ന്നാണ് ക്രിക്കറ്റ് ഓസ്‌ട്രേലിയ പുതിയ നായകനെ കണ്ടെത്തിയത്. 

സ്റ്റീവ് സ്മിത്താണ് വൈസ് ക്യാപ്റ്റന്‍. വനിതാ സഹപ്രവര്‍ത്തകയ്ക്ക് അശ്ലീല സന്ദേശങ്ങളും നഗ്ന ചിത്രങ്ങളും അയച്ചുകൊടുത്തു എന്ന ആരോപണത്തില്‍ ക്രിക്കറ്റില്‍ നിന്ന് കുറച്ചുകാലം വിട്ടുനില്‍ക്കുന്ന ടിം പെയ്ന്‍ ഇംഗ്ലണ്ടിനെതിരായ ആഷസില്‍ കളിച്ചേക്കില്ല. ആഷസില്‍ ഓസ്‌ട്രേലിയയെ നയിക്കുക എന്ന ഭാരിച്ച ഉത്തരവാദിത്വമാണ് പാറ്റ് കമ്മിന്‍സിനുള്ളത്. 

കഴിഞ്ഞ രണ്ട് വര്‍ഷമായി ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ സഹനായകനാണ് കമ്മിന്‍സ്. പുതിയ സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് കമ്മിന്‍സ് അറിയിച്ചു. 

' ഓസ്‌ട്രേലിയന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ നായകനായി തിരഞ്ഞെടുക്കപ്പെട്ടതില്‍ സന്തോഷിക്കുന്നു. ഇത് വലിയൊരു ഉത്തരവാദിത്വമാണ്. ആഷസില്‍ കിരീടം നേടുക എന്നതാണ് എന്റെ മുന്നിലുള്ള പ്രധാന ലക്ഷ്യം.'- കമ്മിന്‍സ് പറഞ്ഞു.

Content Highlights: Pat Cummins named Australia Test captain, Steve Smith appointed deputy