ഓവല്‍: ആഷസ് ക്രിക്കറ്റ് ടെസ്റ്റില്‍ അപൂര്‍വ്വ റെക്കോഡുമായി പാറ്റ് കമ്മിന്‍സ്. ഒരു ആഷസ് പരമ്പരയിലെ ഒരിന്നിങ്‌സില്‍ അഞ്ച് വിക്കറ്റ് നേട്ടമില്ലാതെ ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടുന്ന ബൗളറെന്ന നേട്ടമാണ് കമ്മിന്‍സ് സ്വന്തമാക്കിയത്. ഇതോടെ 42 വര്‍ഷം മുമ്പ് ഓസീസ് പേസ് ബൗളര്‍ വെയ്ന്‍ ക്ലാര്‍ക്ക് സ്ഥാപിച്ച റെക്കോഡ് പഴങ്കഥയായി. 1977-78 ആഷസില്‍ 28 വിക്കറ്റാണ് വെയ്ന്‍ വീഴ്ത്തിയത്.

അഞ്ചു ടെസ്റ്റുകളുള്ള പരമ്പരയില്‍ നിന്ന് കമ്മിന്‍സ് നേടിയത് 29 വിക്കറ്റുകളാണ്. വെയ്ന്‍ ക്ലര്‍ക്കിനേക്കാള്‍ ഒരു വിക്കറ്റ് കൂടുതല്‍. ആദ്യ ടെസ്റ്റില്‍ ഏഴ്, രണ്ടാം ടെസ്റ്റില്‍ ആറ്, മൂന്നാം ടെസ്റ്റില്‍ നാല്, നാലാം ടെസ്റ്റില്‍ ഏഴ്, അവസാന ടെസ്റ്റില്‍ അഞ്ച് എന്നിങ്ങനെയാണ് ഈ ആഷസില്‍ കമ്മിന്‍സിന്റെ ബൗളിങ് പ്രകടനം. 

ഇംഗ്ലണ്ടില്‍ 2001-ല്‍ ഓസ്‌ട്രേലിയ ആഷസ് നേടിയപ്പോള്‍ 31 വിക്കറ്റ് നേടിയ ഗ്ലെന്‍ മഗ്രാത്തിന് ശേഷം വിദേശ മണ്ണില്‍ ഒരു പരമ്പരയില്‍ കൂടുതല്‍ വിക്കറ്റ് നേടുന്ന ഓസീസ് ബൗളര്‍ കൂടിയാണ് കമ്മിന്‍സ്. ഈ പ്രകടനത്തോടെ ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്താനും കമ്മിന്‍സിന് കഴിഞ്ഞു.

Content Highlights: Pat Cummins breaks 42 year old record Ashes Test