മുംബൈ: എട്ടു വര്‍ഷത്തെ ഇടവേളയ്ക്കുശേഷം വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ പാര്‍ഥിവ് പട്ടേല്‍ ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമില്‍ തിരിച്ചെത്തി. പരിക്കേറ്റ വൃദ്ധിമാന്‍ സാഹയ്ക്കു പകരമാണ് പാര്‍ഥിവ് വീണ്ടും ടീമിലെത്തിയത്. നാലു വര്‍ഷം മുന്‍പാണ് പാര്‍ഥിവ് ഇന്ത്യയ്ക്കുവേണ്ടി ഒരു അന്താരാഷ്ട്ര ഏകദിന മത്സരം കളിച്ചത്.

വിശാഖപട്ടണത്ത് നടന്ന രണ്ടാം ടെസ്റ്റിനിടെയാണ് സാഹയ്ക്ക് ഇടതു തുടയ്ക്ക് പരിക്കേറ്റത്. പരിക്ക് അധികരിക്കാതിരിക്കാനാണ് ശനിയാഴ്ച മൊഹാലിയില്‍ ആരംഭിക്കാനിരിക്കുന്ന മൂന്നാം ടെസ്റ്റില്‍ നിന്ന് സാഹയെ ഒഴിവാക്കിയത്. കഴിഞ്ഞ രണ്ട് ടെസ്റ്റുകളിലും ബാറ്റ്‌സ്മാന്‍ എന്ന നിലയില്‍ വന്‍ പരാജയമായിരുന്നു സാഹ. ആദ്യ ടെസ്റ്റില്‍ 35, 9, രണ്ടാം ടെസ്റ്റില്‍ 3, 2 എന്നിങ്ങിനെയായിരുന്നു സ്‌കോറുകള്‍.

ഇരുപത് തവണ ടെസ്റ്റ് കുപ്പായമണിഞ്ഞിട്ടുള്ള 31 കാരനായ പാര്‍ഥിവ് പട്ടേല്‍ 2008 ആഗസ്തിലാണ് ഇന്ത്യയ്ക്കുവേണ്ടി അവസാനമായി വിക്കറ്റ് കാത്തത്. 2012 ഫിബ്രവരിയിലാണ് അവസാന ഏകദിനം കളിച്ചത്.

ഇക്കഴിഞ്ഞ രഞ്ജി സീസണില്‍ ഗുജറാത്തിനുവേണ്ടി പുറത്തെടുത്ത മികച്ച പ്രകടനമാണ് പാര്‍ഥിവിന് വീണ്ടും ടീമിലേയ്ക്കുള്ള വഴിയൊരുക്കിയത്. ആദ്യത്തെ എട്ട് ഇന്നിങ്‌സില്‍ നിന്നായി ഒരു സെഞ്ച്വറിയും മൂന്ന് അര്‍ധസെഞ്ച്വറിയും അടക്കം 59.28 ശരാശരിയില്‍ 415 റണ്‍സ് നേടിയിട്ടുണ്ട് പാര്‍ഥിവ്. മധ്യപ്രദേശിനെതിരെ പുറത്താകാതെ നേടിയ 139 റണ്‍സാണ് ഏറ്റവും മികച്ച സ്‌കോര്‍.

ഇരുപത് ടെസ്റ്റില്‍ നിന്ന് 683 റണ്‍സ് നേടിയിട്ടുള്ള പാര്‍ഥിവ് 41 ക്യാച്ചെടുക്കുകയും എട്ട് സ്റ്റമ്പിങ് നടത്തുകയും ചെയ്തു.

അഞ്ച് ടെസ്റ്റുകളുള്ള പരമ്പരയില്‍ രണ്ടാം ടെസ്റ്റ് വിജയിച്ച് ഇന്ത്യ മുന്നിട്ടുനില്‍ക്കുകയാണ്. രാജ്‌കോട്ടില്‍ നടന്ന ഒന്നാം ടെസ്റ്റ് സമനിലയില്‍ കലാശിക്കുകയായിരുന്നു. മുംബൈയിലും ചെന്നൈയിലുമാണ് അവസാന രണ്ട് ടെസ്റ്റുകള്‍.