-
മുംബൈ: പതിനേഴാം വയസ്സിൽ ഇന്ത്യൻ ജഴ്സിയിൽ അരങ്ങേറിയ താരമാണ് പാർഥിവ് പട്ടേൽ. 2002-ൽ നോട്ടിങ്ഹാമിൽ ഇംഗ്ലണ്ടിനെതിരേ ആയിരുന്നു അരങ്ങേറ്റം. സച്ചിൻ തെണ്ടുൽക്കർ, സൗരവ് ഗാംഗുലി, രാഹുൽ ദ്രാവിഡ് തുടങ്ങിയ ഇതിഹാസ താരങ്ങളോട് ഒപ്പമെല്ലാം പാർഥിവ് കളിച്ചിട്ടുണ്ട്. അണ്ടർ-19 ലോകകപ്പിൽ ഇന്ത്യൻ ടീമിനെ നയിക്കുകയും ചെയ്തു. എന്നാൽ ഈ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാന്റെ ക്രിക്കറ്റ് കരിയറിന് ആയുസ് കുറവായിരുന്നു. ബാറ്റിങ്ങിലും വിക്കറ്റ് കീപ്പിങ്ങിലും ഫോം നഷ്ടപ്പെട്ടതോടെ പാർഥിവ് ഇന്ത്യൻ ടീമിൽ നിന്ന് പുറത്തായി.
പാർഥിവ് അരങ്ങേറി രണ്ടുവർഷത്തിനു ശേഷമാണ് എം. എസ് ധോനി ഇന്ത്യൻ ജഴ്സി ആദ്യമായി അണിഞ്ഞത്. ഇതോടെ ഇന്ത്യക്ക് പുതിയ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെ ലഭിച്ചു. ഒപ്പം ക്യാപ്റ്റൻസിയിലും ധോനി തിളങ്ങി. പാർഥിവിന്റെ കരിയർ നശിക്കാൻ കാരണം ധോനിയുടെ വരവാണെന്ന് ചിലർ വാദിക്കുകയും ചെയ്തു. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളി രംഗത്തെത്തിയിരിക്കുകയാണ് പാർഥിവ്.
ധോനിയുടെ പേരു പറഞ്ഞ് എന്റെ കരിയർ നശിപ്പിച്ചുവെന്ന് സഹതപിക്കുന്നവരെ അവഗണിക്കുന്നുവെന്നും മികച്ച ഫോമിൽ കളിച്ചിരുന്നെങ്കിൽ ടീമിൽ സ്ഥാനം നഷ്ടപ്പെടില്ലായിരുന്നുവെന്നും പാർഥിവ് വ്യക്തമാക്കി. ഒരു യു ട്യൂബ് ചാനലിന് വേണ്ടി ആകാശ് ചോപ്രയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പാർഥിവ്.
'ഞാൻ ധോനിയുടെ കാലഘട്ടത്തിലാണ് പിറന്നതെന്നും അതാണ് എന്റെ കരിയർ ഇല്ലാതാക്കിയതെന്നുമാണ് അവർ പറയുന്നത്. എന്നാൽ ധോനിക്കും മുമ്പേ ഇന്ത്യൻ ജഴ്സി അണിഞ്ഞത് ഞാനാണ്. ഇതു മുമ്പും പറഞ്ഞിട്ടുണ്ട്. ധോനിയുടെ സാന്നിധ്യം കാരണമാണ് എന്റെ കരിയറിന്റെ ആയുസ് കുറഞ്ഞതെന്ന് പറയുന്നത് തെറ്റാണ്. പ്രതീക്ഷയ്ക്കൊത്ത് ഞാൻ കളിക്കാത്തതിനാലാണ് മറ്റുള്ളവർക്ക് അവസരം ലഭിച്ചതെന്നാണ് എനിക്കു തോന്നുന്നത്. ദിനേശ് കാർത്തിക്കിനാണ് ആദ്യം അവസരം ലഭിച്ചത്. അതിനു ശേഷം ധോനിയും കളിച്ചു. ഞാൻ നന്നായി കളിച്ചിരുന്നെങ്കിൽ ആരും എന്റെ പകരക്കാരാകില്ലായിരുന്നു', പാർഥിവ് വ്യക്തമാക്കി.
2018-ൽ ജൊഹന്നാസ്ബർഗിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ടെസ്റ്റിലാണ് പാർഥിവ് അവസാനം കളിച്ചത്. ഐ.പി.എല്ലിൽ ആറു വ്യത്യസ്ത ടീമുകളിൽ പാർഥിവ് കളിച്ചു. 25 ടെസ്റ്റിലും 38 ഏകദിനത്തിലും രണ്ട് ട്വന്റി-20യിലും താരം ഇന്ത്യൻ ജഴ്സി അണിഞ്ഞു.
Content Highlights: Parthiv Patel refuses to blame MS Dhoni for losing his place in the Indian team
കൂടുതല്‍ കായിക വാര്‍ത്തകള്‍ക്കും ഫീച്ചറുകള്‍ക്കുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജോയിന്‍ ചെയ്യൂ... https://mbi.page.link/1pKR
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..