ലണ്ടന്‍: ഐ.സി.സി പുറത്തുവിട്ട ഏറ്റവും പുതിയ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടം കൊയ്ത് ഇന്ത്യന്‍ താരങ്ങള്‍. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര നേടിയതിന് പിന്നാലെയാണ് ഇന്ത്യന്‍ താരങ്ങള്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തിയത്.

ബൗളര്‍മാരുടെ പട്ടികയില്‍ സ്പിന്നര്‍ രവിചന്ദ്ര അശ്വിന്‍ രണ്ടാം സ്ഥാനത്തെത്തി. മൂന്നാം സ്ഥാനത്തായിരുന്ന അശ്വിന്‍ ഒരു സ്ഥാനം മെച്ചപ്പെടുത്തിയാണ് രണ്ടാമതെത്തിയത്. എന്നാല്‍ മറ്റൊരു ഇന്ത്യന്‍ ബൗളറായ ജസ്പ്രീത് ബുംറ പത്താം സ്ഥാനത്തേക്ക് വീണു. ഓസ്‌ട്രേലിയയുടെ പാറ്റ് കമ്മിന്‍സാണ് ഒന്നാം സ്ഥാനത്ത്. 

ബാറ്റ്‌സ്മാന്‍മാരുടെ പട്ടികയില്‍ ഋഷഭ് പന്താണ് ഏറ്റവും നേട്ടമുണ്ടാക്കിയ ഇന്ത്യന്‍ താരം. ഏഴുസ്ഥാനങ്ങള്‍ മെച്ചപ്പെടുത്തി താരം പട്ടികയില്‍ ഏഴാം സ്ഥാനത്തെത്തി. പന്തിന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമാണിത്. ഇന്ത്യയുടെ രോഹിത് ശര്‍മയും ഏഴാം സ്ഥാനത്തെത്തി. ഇരുവര്‍ക്കും 747 പോയന്റാണുള്ളത്. ന്യൂസീലന്‍ഡ് നായകന്‍ കെയ്ന്‍ വില്യംസണാണ് പട്ടികയില്‍ ഒന്നാമത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി അഞ്ചാം സ്ഥാനത്താണ്. 

ഓള്‍റൗണ്ടര്‍മാരുടെ പട്ടികയിലും അശ്വിന്‍ നേട്ടമുണ്ടാക്കി. ഒരു സ്ഥാനം മെച്ചപ്പെടുത്തിയ അശ്വിന്‍ നാലാം സ്ഥാനത്തെത്തി. മറ്റൊരു ഇന്ത്യന്‍ താരമായ രവീന്ദ്ര ജഡേജ മൂന്നാം സ്ഥാനത്തുണ്ട്. വെസ്റ്റ് ഇന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡറാണ് പോയന്റ് പട്ടികയില്‍ ഒന്നാമത്. 

Content Highlights: Pant reaches career-best seventh position in ICC Test rankings