ലാഹോര്‍: ജിമ്മിലെ കസര്‍ത്തിന് ശേഷം വിയര്‍ത്തൊലിച്ച ചിത്രം ട്വിറ്ററില്‍ പങ്കുവെച്ച പാക് ക്രിക്കറ്റ് താരം അഹ്മദ് ഷെഹ്‌സാദിനെ പരിഹസിച്ച് ആരാധകര്‍. കാറില്‍ ഇരിക്കുന്ന ചിത്രമാണ് ഷെഹ്‌സാദ് ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 

ജിമ്മിലെ വ്യായാമത്തിന് ശേഷം എങ്ങനെ തോന്നുന്നുവെന്ന് ഭാര്യ സന അഹമ്മദ് ചോദിക്കുമ്പോള്‍ അതിനുള്ള ഉത്തരമാണ് ഈ ചിത്രം എന്നും ട്വീറ്റില്‍ ഷെഹ്‌സാദ് പറയുന്നുണ്ട്. ഇതാണ് ആരാധകരെ കൂടുതല്‍ ചൊടിപ്പിച്ചത്.

ഇത്തരം നാടകങ്ങള്‍ അവസാനിപ്പിക്കേണ്ട സമയമായെന്നാണ് ഒരു കൂട്ടം ആരാധകര്‍ പറയുന്നത്. ഡ്രാമ ക്യൂന്‍, സെല്‍ഫി ക്യൂന്‍ എന്നിങ്ങനെ ഹാഷ്ടാഗും പാക് താരത്തിന് ആരാധകര്‍ നല്‍കിയിട്ടുണ്ട്.

ടവല്‍ എന്നു പറയുന്ന സാധനം ലോകത്തുണ്ടെന്നും അതുപയോഗിച്ചാല്‍ ക്രിക്കറ്റിലെ നിങ്ങളുടെ അമാനുഷിക കഴിവ് പോകില്ലെന്നുമാണ് ഫര്‍ഹാന്‍ മുനീര്‍ എന്ന ആരാധകന്റെ പരിഹാസം.

ഇരുപത്തിയഞ്ചുകാരനായ ഷെഹ്‌സാദ് പാകിസ്താനായി 13 ടെസ്റ്റും 79 ഏകദിനങ്ങളും 48 ടിട്വന്റിയും കളിച്ചിട്ടുണ്ട്. ടെസ്റ്റില്‍ 982 റണ്‍സലും ഏകദിനത്തില്‍ 2597 റണ്‍സും ടിട്വന്റിയില്‍ 1133 റണ്‍സുമാണ് ഷെഹ്‌സാദിന്റെ സമ്പാദ്യം.