ന്ത്യയും പാകിസ്താനും തമ്മില്‍ അസ്വാരസ്യങ്ങളുണ്ടെങ്കിലും ക്രിക്കറ്റിലൂടെ അത് മറികടക്കാനാവുമെന്ന് തെളിയിച്ചിരിക്കുകയാണ് പാക് ആരാധകര്‍. ഇന്ത്യയും പാകിസ്താനും തമ്മില്‍ കളിക്കളത്തില്‍ വീറും വാശിയുമുണ്ടാകാറുണ്ടെങ്കിലും കളത്തിന് പുറത്ത് അവര്‍ കൂട്ടുകാരാണ്.

പാക് ആരാധകര്‍ക്ക് ഇന്ത്യന്‍ ക്രിക്കറ്റിനോട് എത്രത്തോളം സ്‌നേഹമുണ്ടെന്ന് തെളിയിക്കുന്നതാണ് ട്വിറ്ററില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടെ ട്വീറ്റിന് താഴെ വന്ന കമന്റുകള്‍. അധ്യാപക ദിനത്തില്‍ ഗുരുക്കന്‍മാര്‍ക്ക് പ്രണാമമര്‍പ്പിച്ചുള്ള കോലിയുടെ ട്വീറ്റിന് താഴെയാണ് പാക് ആരാധകര്‍ ഇന്ത്യന്‍ ക്യാപ്റ്റനെ സ്‌നേഹം കൊണ്ട് മൂടിയത്.

ക്രിക്കറ്റില്‍ ചരിത്രമെഴുതിയ ആ ഇതിഹാസങ്ങളുടെ പേരുകളുടെ കൂട്ടത്തില്‍ നിങ്ങളുടെ പേരുമുണ്ടാകും എന്നാണ് പാക്കിസ്ഥാനില്‍ നിന്നും കോഹ് ലിക്ക് ലഭിച്ചിരിക്കുന്ന ട്വീറ്റുകളില്‍ ഒന്ന്. പാക്‌സ്താനില്‍ നിന്നുള്ള ബഹുമാനം എന്ന ഹാഷ് ടാഗില്‍ നിരവധി പേര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്. മികച്ച കളിക്കാരനോടൊപ്പം നല്ല മനുഷ്യന്‍ കൂടിയാണെന്നാണ് മറ്റൊരു പാക് ആരാധകന്റെ കമന്റ്. 

ക്രിക്കറ്റിലെ മൂന്ന് ഫോര്‍മാറ്റിലും ബാറ്റിങ് ശരാശരി 50 കടത്തിയ കോലിക്ക് ലോകം മുഴുവന്‍ ആരാധകരുണ്ടെങ്കിലും, ഇന്ത്യ കഴിഞ്ഞാല്‍ കൂടുതല്‍ ആരാധകര്‍ പാകിസ്താനില്‍ നിന്നാണെന്ന് ഈ കമന്റുകളില്‍ നിന്ന് മനസ്സിലാകും.