ദുബായ്: ഐ.സി.സി ട്വന്റി 20 ലോകകപ്പിന് മുന്‍പ് വിവാദത്തില്‍പ്പെട്ട് പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ ജഴ്‌സി. ലോകകപ്പിന് അണിയുന്ന പാകിസ്താന്റെ പുതിയ ജഴ്‌സിയില്‍ ഇന്ത്യയുടെ പേരിന് പകരം യു.എ.ഇ എന്നാണ് പ്രിന്റ് ചെയ്തിരിക്കുന്നത്.

എല്ലാ ടീമുകളും ജഴ്‌സിയില്‍ 'മെന്‍സ് ടി ട്വന്റി വേള്‍ഡ്കപ്പ് ഇന്ത്യ 2021' എന്നാണ് എഴുതേണ്ടത്. എന്നാല്‍ പാകിസ്താന്‍ ഇത് തെറ്റിച്ച് യു.എ.ഇ 2021 എന്നാക്കി. 2020-ല്‍ ഇന്ത്യയില്‍ വെച്ച് നടക്കേണ്ടിയിരുന്ന ലോകകപ്പ് കോവിഡ് വ്യാപനം രൂക്ഷമായതിനേത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.

വേദി മാറ്റിയെങ്കിലും ടൂര്‍ണമെന്റ് നടത്തുന്നത് ഇന്ത്യയാണ്. അതുകൊണ്ടാണ് ജഴ്‌സിയില്‍ എല്ലാ രാജ്യങ്ങളും ഇന്ത്യയുടെ പേര് എഴുതിച്ചേര്‍ത്തത്. ഐ.സി.സിയുടെ നിയമപ്രകാരം ഏത് രാജ്യമാണോ ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്നത് ആ രാജ്യത്തിന്റെ പേര് എല്ലാ ടീമുകളും ജഴ്‌സിയില്‍ ആലേഖനം ചെയ്യണം. 

എന്നാല്‍ പാകിസ്താന്‍ പുതിയ ജഴ്‌സി പുറത്തിറക്കിയപ്പോള്‍ ഈ നിയമം പാലിച്ചില്ല. ഇതിനെതിരേ ആരാധകര്‍ രംഗത്തെത്തിയിട്ടുണ്ട്. ഇന്ത്യയോടുള്ള വൈരാഗ്യം മൂലമാണ് പാകിസ്താന്‍ ഈ നടപടി സ്വീകരിച്ചതെന്ന് ആരാധകര്‍ ഒന്നടങ്കം പറയുന്നു. പാകിസ്താനെതിരേ ക്രിക്കറ്റ് നിരീക്ഷകരും രംഗത്തെത്തിയിട്ടുണ്ട്. 

നിലവില്‍ പാകിസ്താന് പുറമേ സ്‌കോട്‌ലന്‍ഡ്, നെതര്‍ലന്‍ഡ്‌സ് ടീമുകളും ലോകകപ്പിനുള്ള ജഴ്‌സി പുറത്തിറക്കിയിട്ടുണ്ട്. ഈ രണ്ട് ടീമുകളും ഇന്ത്യ 2021 എന്നാണ് ജഴ്‌സിയില്‍ എഴുതിയിരിക്കുന്നത്. 

പാകിസ്താന്റെ ഈ നടപടി ഐ.സി.സി, ബി.സി.സി.ഐ സംഘടനകളെ ചൊടിപ്പിച്ചിട്ടുണ്ട്. മത്സരത്തിനിറങ്ങുമ്പോള്‍ യു.എ.ഇ ഒഴിവാക്കി പകരം ഇന്ത്യ എന്ന് ചേര്‍ക്കണമെന്ന് ഐ.സി.സി. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിനെ അറിയിച്ചിട്ടുണ്ട്. ലോകകപ്പില്‍ ഇന്ത്യയാണ് പാകിസ്താന്റെ ആദ്യ എതിരാളി. ഒക്ടോബര്‍ 24 നാണ് മത്സരം. 

Content Highlights: Pakistan writes T20 World Cup UAE 2021 instead of India 2021 on team jersey, sparks controversy