അബുദാബി: ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പര  പാകിസ്താന്‍ സ്വന്തമാക്കി. രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 373 റണ്‍സിന്റെ കൂറ്റന്‍ വിജയത്തോടെയാണ് പാകിസ്താന്റെ പരമ്പര വിജയം. സ്‌കോര്‍: പാകിസ്താന്‍ 282, 400/9 ഡിക്ലയേര്‍ഡ്, ഓസ്ട്രേലിയ 145, 164.

539 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസ്ട്രേലിയ 164 റണ്‍സിന് പുറത്താവുകയായിരുന്നു. രണ്ടാം ഇന്നിങ്‌സിലും അഞ്ച് വിക്കറ്റ് നേടിയ മുഹമ്മദ് അബ്ബാസാണ് ഓസീസിനെ തകര്‍ത്തത്. ആദ്യ ടെസ്റ്റ് സമനിലയില്‍ അവസാനിച്ചിരുന്നു. രണ്ട് ഇന്നിങ്‌സിലുമായി അബ്ബാസിന് ഇതോടെ 10 വിക്കറ്റായി. 

മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതിന് 400 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാകിസ്താന്‍, 539 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഓസീസിനു നല്‍കിയത്. ബാബര്‍ അസം (99), സര്‍ഫ്രാസ് അഹമ്മദ് (81), ആസാദ് ഷഫീഖ് (44), അസ്ഹര്‍ അലി (64) എന്നിവരുടെ പ്രകടനമാണ് പാകിസ്താന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. 

മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലായിരുന്നു ഓസ്‌ട്രേലിയ. നാലാം ദിനം ആരോണ്‍ ഫിഞ്ച് (31), ട്രാവിസ് ഹെഡ് (36) എന്നിവര്‍ 61 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് പൊളിച്ച അബ്ബാസാണ് ഓസീസിന്റെ തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. പിന്നീട് മാര്‍നസ് ലാബുഷെയ്ന്‍ (43), മിച്ചല്‍ സ്റ്റാര്‍ക്ക് (28) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. 

പത്ത് വിക്കറ്റെടുത്ത പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസ് കളിയിലെയും പരമ്പരയുടെയും താരമായി. പരമ്പരയിലാകെ അബ്ബാസ് 15 വിക്കറ്റെടുത്തു. ഇതാദ്യമായാണ് യു.എ.ഇ.യില്‍ നടന്ന ടെസ്റ്റ് പരമ്പരയില്‍ ഒരു പേസ് ബൗളര്‍ 15 വിക്കറ്റെടുക്കുന്നത്. 

ദുബായിലെ പ്രകടനം പ്രതീക്ഷിച്ച ഓസീസ് ആരാധകര്‍ക്ക് വെള്ളിയാഴ്ച പക്ഷേ സന്തോഷിക്കാന്‍ യാതൊന്നും തന്നെ ഉണ്ടായിരുന്നില്ല. അവിടെ വീരോചിത പോരാട്ടം കാഴ്ചവെച്ച ടീമിന് അബുദാബിയില്‍ പക്ഷേ പാക് ബൗളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. ഉസ്മാന്‍ ഖ്വാജ പരിക്കുകാരണം രണ്ടാമിന്നിങ്സില്‍ ബാറ്റിങ്ങിനെത്താത്തതും അവര്‍ക്ക് തിരിച്ചടിയായി. പരിക്കേറ്റ നായകന്‍ സര്‍ഫ്രാസ് അഹമ്മദിനു പകരം ആസാദ് ഷെഫീഖാണ് നാലാം ദിനം പാകിസ്താനെ നയിച്ചത്.

Content Highlights: pakistan won the 2nd test and got series