ബിസ്മ മറൂഫ് കുഞ്ഞിനൊപ്പം I Photo: Instagram
'നമ്മള് ഇറങ്ങിപ്പുറപ്പെട്ടാല്‍ അസാധ്യമായത് ഒന്നുമുണ്ടാകില്ല...' ഇത് പറയുന്നത് ന്യൂസീലന്‍ഡില്‍ നടക്കുന്ന 2022 ലോകകപ്പിനുള്ള പാകിസ്താന് ടീമിന്റെ ക്യാപ്റ്റന്‍ ബിസമാ മറൂഫാണ്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 30-ന് കുഞ്ഞു പിറന്നപ്പോള്‍ ഇനി ക്രിക്കറ്റ് ഗ്രൗണ്ടില്‍ ഒരു ജീവിതമില്ല എന്നു കരുതിയവളാണ് ബിസ്മ. വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിനായി വിളിക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കാനുള്ള വാക്കുകള്‍ വരെ ബിസ്മ മനസ്സില്‍ ഒരുക്കിവെച്ചു. എന്നാല്‍ അമ്മയുടേയും ഭര്‍ത്താവിന്റേയും പിന്തുണ താരത്തെ വീണ്ടും കളിക്കളത്തിലെത്തിക്കുകയായിരുന്നു. പാരന്റല്‍ സപ്പോര്‍ട്ട് പോളിസിയുമായി പാകിസ്താന് ക്രിക്കറ്റ് ബോര്‍ഡും ബിസ്മയ്ക്കൊപ്പം നിന്നു.
ഇതോടെ എല്ലാ നെഗറ്റീവ് ചിന്തകളും മാറ്റിവെച്ച് ബിസ്മ വീണ്ടും ജിമ്മില്‍ പോയിത്തുടങ്ങി. ആദ്യം ശാരീരികക്ഷമത വീണ്ടെടുക്കുക എന്നതായിരുന്നു ദൗത്യം. പിന്നെ പതുക്കെ ഗ്രൗണ്ടില്‍ പരിശീലനത്തിനുമിറങ്ങി. ആ സമയത്തെല്ലാം മാസങ്ങള്‍ മാത്രം പ്രായമുള്ള മകള്‍ ഫാത്തിമയെ അമ്മയുടെ കൈകളില്‍ ഏല്‍പ്പിച്ചു. ഒടുവില്‍ ഒരാഴ്ച്ച മുമ്പ് പ്രഖ്യാപിച്ച ലോകകപ്പിനുള്ള ടീമില്‍ താരം വീണ്ടും ക്യാപ്റ്റനായി തിരിച്ചെത്തി.
'ആ സമയം എന്റെ ഭാവിയെ കുറിച്ച് എനിക്ക് വ്യക്തത ഉണ്ടായിരുന്നില്ല. എല്ലാം അവസാനിച്ചതായി തോന്നി. ഈ സമയം പാക് ക്രിക്കറ്റ് ബോര്‍ഡുമായി സംസാരിച്ചപ്പോഴാണ് തിരിച്ചുവരാം എന്ന സാധ്യത തെളിഞ്ഞത്.' ബിസ്മ പറയുന്നു. 12 മാസത്തെ പെയ്ഡ് ലീവും കരാര്‍ പുതുക്കുമെന്ന ഉറപ്പുമാണ് ബിസ്മയ്ക്ക് പാക് ക്രിക്കറ്റ് ബോര്‍ഡ് നല്‍കിയത്.
ന്യൂസീലന്‍ഡില്‍ ലോകകപ്പ് കളിക്കുമ്പോള്‍ ബിസ്മയ്ക്കൊപ്പം അമ്മയും കുഞ്ഞുമുണ്ടാകും. 'പിസിബിയുടെ പോളിസി ഇല്ലായിരുന്നെങ്കില്‍ ഞാന്‍ വിരമിക്കേണ്ടി വരുമായിരുന്നു. ഇപ്പോള്‍ എനിക്ക് എന്റെ മകള്‍ക്കൊപ്പം യാത്ര ചെയ്യാം. അമ്മ ഒപ്പമുള്ളതിനാല്‍ മത്സരത്തിലും ശ്രദ്ധ കൊടുക്കാന്‍ പറ്റും. ലോകത്തുള്ള ഒരുപാട് അമ്മാര്‍ക്ക് എന്റെ തീരുമാനം പ്രചോദനമാകുമെന്ന് കരുതുന്നു.' ബിസ്മ കൂട്ടിച്ചേര്‍ത്തു.
2018 നവംബറിലായിരുന്നു ബിസ്മയുടേയും ബന്ധുവായ അബര് അഹമ്മദിന്റേയും വിവാഹം. ഗര്‍ഭിണിയായതോടെ 2020 ഡിസംബര്‍ മുതല്‍ താരം ക്രിക്കറ്റില്‍ നിന്ന് ഇടവേളയെടുത്തു. ഓള്‍റൗണ്ടര്‍ ജവേരിയ ഖാന് ബിസ്മയ്ക്ക് പകരം ക്യാപ്റ്റന്‍ റോളിലെത്തി.
Content Highlights: Pakistan women cricket captain Bismah Maroof balancing batting with baby
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..