ലാഹോര്‍: ലോക ഇലവനെ തോല്‍പ്പിച്ച് സ്വന്തം മണ്ണില്‍ ചരിത്രമെഴുതി പാകിസ്താന്‍ ക്രിക്കറ്റ് ടീം. ഇന്‍ഡിപെന്‍ഡന്‍സ് കപ്പിന്റെ ഭാഗമായുള്ള ടിട്വന്റി ടൂര്‍ണമെന്റില്‍ ലോക ടീമിനെ 2-1ന് തോല്‍പ്പിച്ചാണ് പാക് ടീം സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയമാഘോഷിച്ചത്. നിര്‍ണായകമായ മൂന്നാം ടിട്വന്റിയില്‍ 33 റണ്‍സിനായിരുന്നു പാകിസ്താന്റെ വിജയം.
പാകിസ്താന്‍ മുന്നോട്ടുവെച്ച 184 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഡു പ്ലെസിസിന്റെ നേതൃത്വത്തിലുള്ള ലോക ഇലവന് നിശ്ചിത ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 150 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ. ആദ്യ ഓലറില്‍ മൂന്ന് ബൗണ്ടറിയുമായി മികച്ച തുടക്കമാണ് തമീം ഇഖ്ബാല്‍ ലോക ഇലവന് നല്‍കിയത്. എന്നാല്‍ അഞ്ചു റണ്‍സെടുത്ത ബെന്‍ കട്ടിങ്ങിനെ പുറത്താക്കി ഹസ്സന്‍ അലി ഓപ്പണിങ് കൂട്ടുകെട്ട് പൊളിച്ചു. പിന്നീട് ഹാഷിം അംല മനോഹരമായി മുന്നേറുന്നതിനിടെ റണ്‍ഔട്ടിന്റെ രൂപത്തില്‍ പുറത്തായി. മത്സരം 10 ഓവര്‍ പിന്നിട്ടപ്പോള്‍ ലോക ഇലവന്‍ അഞ്ചു വിക്കറ്റിന് 68 റണ്‍സ് എന്ന പരിതാപരകമായ നിലയിലായിരുന്നു.
പിന്നീട് തിസേര പെരേര ലോക ഇലവനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചെങ്കിലും അത് ഏറെ വൈകിപ്പോയിരുന്നു. 13 പന്തില്‍ 32 റണ്‍സ് അടിച്ച ലങ്കന്‍ ഓള്‍റൗണ്ടറെ റുമ്മാന്‍ റഹീസ് പുറത്താക്കിയതോടെ ലോക ഇലവന്റെ പതനം പൂര്‍ത്തിയായി. ഡേവിഡ് മില്ലര്‍ 29 പന്തില്‍ 32 റണ്‍സും ഡാരെന്‍ സമി 23 പന്തില്‍ 24 റണ്‍സും നേടി. പാകിസ്താനായി ഹസ്സന്‍ അലി രണ്ട് വിക്കറ്റെടുത്തപ്പോള്‍ ഇമാദ് വസീം, ഉസ്മാന്‍ ഖാന്‍, റുമ്മാന്‍ റഹീസ് എന്നിവര്‍ ഓരോ വിക്കറ്റ് വീഴ്ത്തി.
നേരത്തെ ഓപ്പണര്‍ അഹമദ് ഷെഹ്സാദ് (55 പന്തില്‍ 89), ബാബര്‍ അസം (31 പന്തില്‍ 48) എന്നിവരുടെ ബാറ്റിങ് മികവിലാണ് പാക് ടീം മികച്ച ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപ്പണിങ് വിക്കറ്റില്‍ 61 റണ്‍സും രണ്ടാം വിക്കറ്റില്‍ സെഞ്ചുറി (102) കൂട്ടുകെട്ടുമുയര്‍ത്തി പാകിസ്താന്‍ ശക്തമായ സ്‌കോറിലേക്കെത്തുകയായിരുന്നു. ബൗളര്‍മാര്‍ക്ക് കാര്യമായ പിന്തുണ കിട്ടാതിരുന്ന പിച്ചില്‍ നാലു വിക്കറ്റുകള്‍ വീഴ്ത്താനേ ലോക ഇലവനായുള്ളൂ.
ഓപ്പണിങ് വിക്കറ്റില്‍ ഫഖാര്‍ സമാന്‍ (27)ഷെഹ്സാദ് സഖ്യം 8.2 ഓവറില്‍ 61 റണ്‍സ് ചേര്‍ത്തു. രണ്ടാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ഷെഹ്സാദും ബാബര്‍ അസമും ബൗളര്‍മാരെ കണക്കറ്റ് പ്രഹരിച്ചു. 9.2 ഓവറില്‍ ഇരുവരും ചേര്‍ന്ന് 102 റണ്‍സ് വാരി. 37 പന്തില്‍ 50 കടന്ന ഷെഹ്സാദ് പിന്നീട് കൂടുതല്‍ അക്രമാസക്തനായി. ബെന്‍ കട്ടിങ് എറിഞ്ഞ 17-ാം ഓവറില്‍ തുടരെയുള്ള മൂന്നു സിക്സറുകള്‍ ഇതില്‍പ്പെടും. മോണെ മോര്‍ക്കല്‍ എറിഞ്ഞ 16-ാം ഓവറില്‍ മൂന്നു ബൗണ്ടറിയുള്‍പ്പെടെ 15 റണ്‍സും 17-ാം ഓവറില്‍ 20 റണ്‍സും പിറന്നു.
ലോക ഇലവന്റെ ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ തിസ്സാര പെരേര 37 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അസം, ഇമാദ് വാസിം എന്നിവരുടെ വിക്കറ്റാണ് പെരേര നേടിയത്. മറ്റു രണ്ടുപേര്‍ റണ്ണൗട്ടാവുകയായിരുന്നു. ഓപ്പണര്‍മാരായ ഫഖാറും ഷെഹ്സാദുമാണ് റണ്ണൗട്ടായത്. വിന്‍ഡീസ് ഓള്‍റൗണ്ടര്‍ ഡാരന്‍ സമി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് റണ്ണൊഴുക്ക് തടഞ്ഞു.
Pakistan vs World XI full match highlights
Watch full highlights at https://t.co/ZWOxe07EbG#CricketKiHalalala #PAKvWXI pic.twitter.com/JXL2IEjSMB— PCB Official (@TheRealPCB) 15 September 2017