ധാക്ക: പാകിസ്താനും ബ്ലംഗ്ലാദേശും തമ്മിലുള്ള മൂന്നാം ട്വന്റി-20യിലെ അവസാന ഓവറില്‍ നടന്നത് നാടകീയ രംഗങ്ങള്‍. ബംഗ്ലാദേശ് ക്യാപ്റ്റന്‍ മഹ്മൂദുള്ള എറിഞ്ഞ ആ ഓവറില്‍ പാകിസ്താന് വിജയിക്കാന്‍ വേണ്ടത് എട്ടു റണ്‍സായിരുന്നു. 

ആദ്യ മൂന്നു പന്തില്‍ ഒരൊറ്റ റണ്‍ പോലും നേടാന്‍ പാകിസ്താന് കഴിഞ്ഞില്ല. മാത്രമല്ല, രണ്ടു വിക്കറ്റും നഷ്ടപ്പെടുത്തി. എന്നാല്‍ നാലാം പന്തില്‍ ഇഫ്തിഖാര്‍ അഹമ്മദ് സിക്‌സ് അടിച്ചു. അടുത്ത പന്തില്‍ മഹ്മൂദുള്ള ഇഫ്തിഖാറിനെ പുറത്താക്കി. ഇതോടെ പാകിസ്താന് വിജയിക്കാന്‍ അവസാന പന്തില്‍ രണ്ട് റണ്‍സ് വേണമെന്ന അവസ്ഥ വന്നു.

ഒരുപാട് തയ്യാറെടുപ്പുകള്‍ക്കുശേഷം മഹ്മൂദുള്ള അവസാന പന്ത് എറിഞ്ഞു. എന്നാല്‍ മുഹമ്മദ് നവാസ് അവസാന നിമിഷം പിന്മാറി. ഇതോടെ പന്ത് നേരെ സ്റ്റമ്പിലേക്ക്. അമ്പയര്‍ ഡെഡ്‌ബോള്‍ വിളിച്ചു. മഹ്മൂദുള്ള തര്‍ക്കിക്കാന്‍ നിന്നില്ല. 

അടുത്ത പന്ത് എറിയുന്നതിന് മുമ്പ് മഹ്മൂദുള്ള റെഡി ആണോ എന്ന് നവാസിനോട് ചോദിച്ചു. നവാസ് ഓകെ പറഞ്ഞതോടെ പന്ത് എറിയാനെത്തി. എന്നാല്‍ ആംഗ്യം കാണിച്ചതല്ലാതെ എറിഞ്ഞില്ല.  നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുള്ള ഖുശ്ദില്‍ ഷായ്ക്ക് മുന്നറിയിപ്പ് നല്‍കാനായിരുന്നു അത്. ഒടുവില്‍ അവസാന പന്തില്‍ എക്‌സ്ട്രാ കവറിലേക്ക് ബൗണ്ടറി നേടി നവാസ് പാകിസ്താനെ വിജയത്തിലെത്തിച്ചു.

പടിവാതില്‍ക്കലില്‍ വിജയം നഷ്ടപ്പെട്ടത് ഹൃദയം തകര്‍ന്നതു പോലെയായിരുന്നെന്ന് മഹ്മൂദുള്ള മത്സരശേഷം പ്രതികരിച്ചു. അവസാന ഓവറിലെ ആ പന്ത് അമ്പയര്‍ ഡെഡ് ബോള്‍ വിളിച്ചതിനെ അംഗീകരിക്കുന്നെന്നും അമ്പയറുടെ തീരുമാനമാണ് അവസാന വാക്കെന്നും മഹ്മൂദുള്ള വ്യക്തമാക്കി. 

മത്സരത്തില്‍ ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 124 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ പാകിസ്താന്‍ ലക്ഷ്യത്തിലെത്തി. ഇതോടെ ട്വന്റി-20 പരമ്പ 3-0ത്തിന് പാകിസ്താന്‍ സ്വന്തമാക്കി.

Content Highlights: Pakistan vs Bangladesh T20 Cricket Mahmudullah's last over