ബ്രിസ്‌ബെയ്ന്‍: വിജയപ്രതീക്ഷകള്‍ മാറിമറിഞ്ഞ മത്സരത്തിനൊടുവില്‍ പാകിസ്താനെതിരായ ആദ്യ ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് വിജയം. 39 റണ്‍സിനാണ് ഓസീസ് പാകിസ്താനെ പരാജയപ്പെടുത്തിയത്. 490 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്റെ ചെറുത്ത്നില്‍പ് 450 റണ്‍സിന് അവസാനിച്ചു.

ലക്ഷ്യം പിന്തുടരുന്നതിനിടെ ഒരു ഘട്ടത്തില്‍ അഞ്ചു വിക്കറ്റിന് 173 റണ്‍സെന്ന നിലയില്‍ തകര്‍ച്ചയിലായിരുന്ന പാകിസ്താന് ആസാദ് ഷഫീഖിന്റെ ഇന്നിങ്‌സ് വീണ്ടും പ്രതീക്ഷ നല്‍കുകയായിരുന്നു. വാലറ്റക്കാരെ കൂട്ടുപിടിച്ച് ആസാദ് നടത്തിയ രക്ഷാപ്രവര്‍ത്തനം പാകിസ്താനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിച്ചു.

എന്നാല്‍ വിജയത്തിന് 41 റണ്‍സ് അകലെ വെച്ച് ആസാദ് മടങ്ങിയതോടെ പാകിസ്താന്റെ മോഹങ്ങള്‍ പൊലിഞ്ഞു. 207 പന്തില്‍ 13 ഫോറിന്റെയും ഒരു സിക്‌സിന്റെയും അകമ്പടിയോടെ 137 റണ്‍സ് നേടിയ ആസാദ് സ്റ്റാര്‍ക്കിന്റെ പന്തില്‍ വാര്‍ണര്‍ക്ക് ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. ആ ഓവറില്‍ തന്നെ യാസിര്‍ ഷായെ റണ്ണൗട്ടാക്കി നായകന്‍ സ്റ്റീവ് സ്മിത്ത് ഓസീസിന് വിജയം സമ്മാനിച്ചു. 

നേരത്തെ ഓസീസിന്റെ ആദ്യ ഇന്നിങ്‌സ് സ്‌കോറായ  429 റണ്‍സ് പിന്തുടര്‍ന്ന പാകിസ്താന്‍ 142 റണ്‍സിന് പുറത്തായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ അഞ്ച് വിക്കറ്റിന് 202 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത് ഓസീസ് പാകിസ്താനെ ബാറ്റിങ്ങിനയക്കുകയായിരുന്നു.