ദുബായ്: പേസ് ബൗളര്‍ മുഹമ്മദ് അബ്ബാസിന്റെ തീപ്പൊരി ബൗളിങ്ങിന് മുന്നില്‍ ഓസ്‌ട്രേലിയ പകച്ചപ്പോള്‍ ആദ്യ ടെസ്റ്റില്‍ പാകിസ്താന് വിജയപ്രതീക്ഷ. ഏഴു പന്തിനിടെ മൂന്ന് വിക്കറ്റുകളാണ് അബ്ബാസ് പിഴുതത്. 462 റണ്‍സ് വിജയലക്ഷ്യവുമായി രണ്ടാമിന്നിങ്‌സ് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ മൂന്ന് വിക്കറ്റിന് 136 റണ്‍സെന്ന നിലയിലാണ്. ആരോണ്‍ ഫിഞ്ച് (49), ഷോണ്‍ മാര്‍ഷ് (0), മിച്ചല്‍ മാര്‍ഷ് (0) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായത്. 

അവസാന ദിവസം ഏഴ് വിക്കറ്റ് വീഴ്ത്താനായാല്‍ പാകിസ്താന് വിജയിക്കാം. അതേസമയം പാകിസ്താന്റെ സ്‌കോറനൊപ്പമെത്താന്‍ ഓസീസിന് 326 റണ്‍സ് കൂടി വേണം. ഉസ്മാന്‍ ഖ്വാജയും (50) ട്രെവിസ് ഹെഡുമാണ് (34) ക്രീസില്‍. സ്‌കോര്‍: പാകിസ്താന്‍ 482, ആറിന് 181 ഡിക്ല.; ഓസ്ട്രേലിയ 202, മൂന്നിന് 136.

എന്നാല്‍ അവസാനദിനം ഓസീസിന് കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല എന്നാണ് വിലയിരുത്തല്‍. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ യാസിര്‍ ഷാ, ബിലാല്‍ ആസിഫ്, മുഹമ്മദ് ആസിഫ്, ഹാരിസ് സൊഹയ്ല്‍ എന്നിവരെ നേരിടുന്നത് ഒസീസിന് കനത്ത വെല്ലുവിളിയാകും.

87 റണ്‍സില്‍ മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തിയ ഓസീസിനെ പിന്നീട് ഉസ്മാന്‍ ഖ്വാജയും ട്രാവിസ് ഹെഡും ചേര്‍ന്ന് കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ഇരുവുരും ഇതുവരെ നാലാം വിക്കറ്റില്‍ ഇതുവരെ 49 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ട് അവസാന ദിവസവും തുടരാനായില്‍ ഓസീസിന് പരാജയമൊഴിവാക്കാം. 

നാലാം ദിനം മൂന്നു വിക്കറ്റിന് 45 റണ്‍സെന്നനിലയില്‍ ബാറ്റിങ് പുനരാരംഭിച്ച പാകിസ്താന്‍ ആറു വിക്കറ്റിന് 181 റണ്‍സെന്ന നിലയില്‍ രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. ഇമാമുല്‍ ഹഖ് (48), ആസാദ് ഷഫീഖ് (41), ഹാരിസ് സൊഹയ്ല്‍ (39), ബാബര്‍ അസം (28*) എന്നിവര്‍ പാകിസ്താനായി സ്‌കോര്‍ ബോര്‍ഡിലേക്ക് കാര്യമായ സംഭാവനനല്‍കി.

Content Highlights: Pakistan vs Australia First Test Cricket