അബുദാബി: പാകിസ്താനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഓസ്‌ട്രേലിയക്ക് കൂറ്റന്‍ വിജയലക്ഷ്യം. മൂന്നാം ദിനം രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതു വിക്കറ്റ് നഷ്ടത്തില്‍ 400 റണ്‍സ് എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത പാകിസ്താന്‍ 538 റണ്‍സെന്ന വിജയലക്ഷ്യമാണ് ഓസ്‌ട്രേലിയക്കു മുന്നില്‍ വെച്ചത്. 

മൂന്നാം ദിനം അവസാന സെഷനില്‍ ബാറ്റിങ്ങിനിറങ്ങിയ ഓസീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 47 റണ്‍സെന്ന നിലയിലാണ്. വിജയത്തിലേക്ക് അവര്‍ക്ക് ഇനിയും 491 റണ്‍സ് കൂടി വേണം.

കുറ്റന്‍ വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിന് നാല് റണ്‍സെടുത്ത ഷോണ്‍ മാര്‍ഷിന്റെ വിക്കറ്റാണ് നഷ്ടമായത്. 24 റണ്‍സോടെ ആരോണ്‍ ഫിഞ്ചും 17 റണ്‍സുമായി ട്രാവിസ് ഹെഡുമാണ് ക്രീസില്‍. ആദ്യ ടെസ്റ്റിലേതിനു സമാനമായ ചെറുത്തുനില്‍പ്പ് ഓസീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. എന്നാല്‍ രണ്ടു ദിവസം ശേഷിക്കേ സമനില പോലും ഓസീസിന് ബാലികേറാമലയാകും.

നേരത്തെ ആദ്യ ഇന്നിങ്‌സില്‍ നഥാന്‍ ലിയോണിന്റെ ബൗളിങ് മികവില്‍ 282 റണ്‍സിനു പുറത്തായ പാകിസ്താന്‍, ഓസീസിനെ അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് അബ്ബാസിന്റെ മികവില്‍ 145 റണ്‍സിനു പുറത്താക്കിയിരുന്നു. 

137 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ് നേടിയ പാകിസ്താന്‍ രണ്ടാം ഇന്നിങ്‌സില്‍ ഒന്‍പതിന് 400 റണ്‍സ് എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. പാകിസ്താനായി ഫഖര്‍ സമാന്‍ (66), അസ്ഹര്‍ അലി (64), നായകന്‍ സര്‍ഫ്രാസ് അഹമ്മദ് (81) എന്നിവര്‍ അര്‍ധ സെഞ്ചുറി നേടി. പാക് താരം ബാബര്‍ അസമിന് ഒരു റണ്‍സകലെ സെഞ്ചുറി നഷ്ടമാകുകയും ചെയ്തു. 99 റണ്‍സെടുത്തു നില്‍ക്കെ അസമിനെ മിച്ചല്‍ മാര്‍ഷ് വിക്കറ്റിനു മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ ഓസീസിനായി ലിയോണ്‍ നാലു വിക്കറ്റ് വീഴ്ത്തി.

Content Highlights: pakistan vs australia 2nd test