അവസാന ഓവറില്‍ ഇരട്ട സിക്‌സറുകളുമായി നസീം ഷാ; പാകിസ്താന്‍ ഫൈനലില്‍, ഇന്ത്യ പുറത്ത്


സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ പാകിസ്താന്‍ ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് അവരുടെ എതിരാളികള്‍

Photo: twitter.com/PTIofficial

ഷാര്‍ജ: ആവേശം അവസാന ഓവര്‍ വരെ നീണ്ട സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഫ്ഗാനിസ്താനെ ഒരു വിക്കറ്റിന് പരാജയപ്പെടുത്തി പാകിസ്താന്‍ ഫൈനലില്‍. അഫ്ഗാന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം നാലു പന്തുകളും ഒരു വിക്കറ്റും മാത്രം ബാക്കിനില്‍ക്കേ പാകിസ്താന്‍ മറികടക്കുകയായിരുന്നു. ഒരു വിക്കറ്റ് മാത്രം ശേഷിക്കേ അവസാന ഓവറില്‍ ജയിക്കാന്‍ 11 റണ്‍സ് വേണമെന്നിരിക്കേ ഫസല്‍ഹഖ് ഫറൂഖിയെ തുടര്‍ച്ചയായ രണ്ടു പന്തുകളില്‍ സിക്‌സറിന് പറത്തിയ യുവതാരം നസീം ഷായാണ് പാകിസ്താനെ വിജയത്തിലെത്തിച്ചത്. സൂപ്പര്‍ ഫോറിലെ രണ്ടാം ജയത്തോടെ പാകിസ്താന്‍ ഫൈനലിലെത്തി. ഞായറാഴ്ച നടക്കുന്ന ഫൈനലില്‍ ശ്രീലങ്കയാണ് അവരുടെ എതിരാളികള്‍.

പാകിസ്താന്റെ ജയത്തോടെ ഇന്ത്യ ടൂര്‍ണമെന്റിന്റെ ഫൈനല്‍ കാണാതെ പുറത്തായി. ഇതോടെ നാളെ നടക്കാനിരിക്കുന്ന ഇന്ത്യ - അഫ്ഗാനിസ്താന്‍ മത്സരം അപ്രസക്തമായി.

അഫ്ഗാനിസ്താന്‍ ഉയര്‍ത്തിയ 130 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന് ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്റെ തുടക്കം തന്നെ തകര്‍ച്ചയോടെയായിരുന്നു. രണ്ടാം പന്തില്‍ തന്നെ ക്യാപ്റ്റന്‍ ബാബര്‍ അസമിനെ (0) പുറത്താക്കി ഫസല്‍ഹഖ് ഫറൂഖി പാകിസ്താനെ ഞെട്ടിച്ചു. പിന്നാലെ ഫഖര്‍ സമാനെയും (5) അവര്‍ക്ക് നഷ്ടമായി. തുടര്‍ന്ന് മുഹമ്മദ് റിസ്വാനും ഇഫ്തിഖര്‍ അഹമ്മദും ചേര്‍ന്ന് സ്‌കോര്‍ 45 വരെയെത്തിച്ചു. ഒമ്പതാം ഓവറില്‍ റിസ്വാനെ റാഷിദ് ഖാന്‍ വിക്കറ്റിന് മുന്നില്‍ കുടുക്കി. 26 പന്തില്‍ നിന്ന് 20 റണ്‍സെടുത്താണ് താരം പുറത്തായത്.

നാലാം വിക്കറ്റില്‍ ഒന്നിച്ച ഇഫ്തിഖര്‍ അഹമ്മദ് - ഷദാബ് ഖാന്‍ സഖ്യം കളി പാകിസ്താന് അനുകൂലമാക്കിയെന്ന ഘട്ടത്തില്‍ ഇഫ്തിഖറിനെ മടക്കി ഫരീദ് അഹമ്മദ് പാക് ടീമിനെ ഞെട്ടിച്ചു. 33 പന്തില്‍ നിന്ന് 30 റണ്‍സായിരുന്നു ഇഫ്തിഖറിന്റെ സമ്പാദ്യം. പിന്നാലെ 26 പന്തില്‍ നിന്ന് മൂന്ന് സിക്‌സും ഒരു ഫോറുമടക്കം 36 റണ്‍സെടുത്ത ഷദാബിനെ മടക്കി റാഷിദ് ഖാന്‍ വീണ്ടും അഫ്ഗാന്റെ രക്ഷയ്‌ക്കെത്തി. പിന്നാലെ തുടര്‍ച്ചയായി പാക് വിക്കറ്റുകള്‍ വീഴ്ത്തി അഫ്ഗാന്‍ മത്സരത്തിന്റെ കടിഞ്ഞാണ്‍ ഏറ്റെടുത്തു. മുഹമ്മദ് നവാസ് (4), ഖുഷ്ദില്‍ ഷാ (1), ഹാരിസ് റൗഫ് (0) എന്നിവര്‍ പെട്ടെന്ന് മടങ്ങിയതോടെ പാകിസ്താന്‍ എട്ടിന് 110 റണ്‍സെന്ന നിലയിലേക്ക് വീണു. അവസാന പ്രതീക്ഷയായിരുന്ന ആസിഫ് അലിയെ 19-ാം ഓവറില്‍ ഫരീദ് പുറത്താക്കിയതോടെ അഫ്ഗാന്‍ മത്സരം സ്വന്തമാക്കുമെന്ന് ഉറപ്പാക്കിയതായിരുന്നു. എട്ട് പന്തില്‍ നിന്ന് 16 റണ്‍സായിരുന്നു ആസിഫിന്റെ സമ്പാദ്യം. എന്നാല്‍ അവസാന ഓവറിലെ രണ്ടു സിക്‌സറുകളിലൂടെ നസീം ഷാ പാകിസ്താന്റെ ഹീറോയായി.

ചെറിയ സ്‌കോര്‍ മികച്ച രീതിയില്‍ തന്നെ പ്രതിരോധിച്ച് പാകിസ്താനെ വിറപ്പിച്ച ശേഷമാണ് അഫ്ഗാന്‍ കീഴടങ്ങിയത്. അഫ്ഗാന്‍ ബൗളര്‍മാരെല്ലാം തന്നെ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്തു. ഫറൂഖിയും ഫരീദും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ റാഷിദ് ഖാന്‍ രണ്ടു വിക്കറ്റെടുത്തു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 129 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാന് പാക് ബൗളിങ്ങിനു മുന്നില്‍ കാര്യമായ വെടിക്കെട്ട് പ്രകടനങ്ങളൊന്നും പുറത്തെടുക്കാനായില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തിയ പാക് ബൗളര്‍മാര്‍ അഫ്ഗാന്റെ റണ്‍റേറ്റ് പിടിച്ചുനിര്‍ത്തി. 37 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത ഇബ്രാഹിം സദ്രാനാണ് അവരുടെ ടോപ് സ്‌കോറര്‍. ഹസ്‌റത്തുള്ള സസായ് (21), റാഷിദ് ഖാന്‍ (18), റഹ്‌മാനുള്ള ഗുര്‍ബാസ് (17) എന്നിവരാണ് അഫ്ഗാന്റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

കരീം ജനത് (15), നജീബുള്ള സദ്രാന്‍ (10), ക്യാപ്റ്റന്‍ മുഹമ്മദ് നബി (0) എന്നിവര്‍ നിരാശപ്പെടുത്തി. പാകിസ്താനു വേണ്ടി ഹാരിസ് റൗഫ് രണ്ടു വിക്കറ്റ് വീഴ്ത്തി. നസീം ഷാ, മുഹമ്മദ് ഹസ്‌നൈന്‍, മുഹമ്മദ് നവാസ്, ഷദാബ് ഖാന്‍ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

Content Highlights: Pakistan vs Afghanistan Asia Cup 2022 super 4 match


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
policeman mango theft

1 min

മാമ്പഴം മോഷ്ടിച്ച പോലീസുകാരന്‍ ബലാത്സംഗക്കേസിലും പ്രതി; അതിജീവിതയെ ഉപദ്രവിക്കാനും ശ്രമം

Oct 5, 2022


shashi tharoor

4 min

തരൂര്‍ പേടിയില്‍ കോണ്‍ഗ്രസ്? പ്രമുഖ നേതാക്കള്‍ നെട്ടോട്ടത്തില്‍

Oct 5, 2022


05:30

കൊച്ചിയുടെ ഉറക്കം കെടുത്തിയ മരിയാർപൂതത്തെ മൽപിടിത്തത്തിലൂടെ പിടികൂടി തമിഴ്നാട് സ്വദേശി

Oct 3, 2022

Most Commented