ലാഹോര്‍: ബി.സി.സി.ഐക്കെതിരെ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) നിയമനടപടി സ്വീകരിക്കാനൊരുങ്ങുന്നു. പാകിസ്താൻ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടിയതോടെയാണ് പി.സി.ബി നിയമപരമായി നീങ്ങാന്‍ തീരുമാനിച്ചത്‌. ബി.സി.സി.ഐയ്ക്ക്‌ വക്കീല്‍ നോട്ടീസ് അയച്ച ശേഷം ലണ്ടനില്‍ വെച്ച് നിയമവിദഗ്ദ്ധരുടെ സാന്നിധ്യത്തില്‍ പ്രശ്‌നത്തിന് പരിഹാരം കാണാനാകും പി.സി.ബി ശ്രമിക്കുക.

ഇന്ത്യ-പാക് ക്രിക്കറ്റ് മത്സരങ്ങള്‍ നടത്താന്‍ ഇരുരാജ്യങ്ങളും തമ്മില്‍ 2014ല്‍ ധാരണാപത്രം ഒപ്പുവെച്ചിരുന്നു. എന്നാല്‍ മത്സരങ്ങള്‍ നടക്കാത്തത് മൂലം പാകിസ്താനുണ്ടായ സാമ്പത്തിക നഷ്ടത്തിന് പരിഹാരം കാണുന്നതിനാണ്  നിയമനടപടിക്ക് ഒരുങ്ങുന്നതെന്ന്‌ പി.സി.ബി ചെയര്‍മാന്‍ ഷഹരിയാര്‍ ഖാന്‍ പറഞ്ഞു.

2015 മുതല്‍ 2022 വരെ ഇരുരാജ്യങ്ങളും തമ്മില്‍ ആറു പരമ്പരകള്‍ നടത്താമെന്നായിരുന്നു കരാറിലുണ്ടായിരുന്നത്. ഇരുരാജ്യങ്ങളും തമ്മിലുള്ള ധാരണാപത്രത്തിന് ഐ.സി.സി സാക്ഷിയാണെന്നും ഇന്ത്യ കരാറിന്റെ അടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ തയ്യാറല്ലെന്ന വ്യക്തമാക്കിയതായും  ഷഹരിയാര്‍ ഖാന്‍ ചൂണ്ടിക്കാട്ടി.