പാകിസ്താന്റെ നസീം ഷാ ബൗൾഡാകുന്നു | Photo: AFP
കറാച്ചി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റില്‍ പാകിസ്താന് റെക്കോഡ് ബാറ്റിങ് തകര്‍ച്ച. നാലു റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയ പാകിസ്താന് തങ്ങളുടെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയാണ് നേരിട്ടത്.
ഏറ്റവും കുറവ് റണ്‍സ് നേടുന്നതിനിടെ അഞ്ച് വിക്കറ്റ് നഷ്ടമാക്കിയ മത്സരമെന്ന റെക്കോഡാണ് ബാബര്‍ അസമും സംഘവും ഓസീസിനെതിരേ സ്വന്തമാക്കിയത്. ഇതിന് മുമ്പ് 2003-ല്‍ കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരേ പാക് ടീം അഞ്ചു റണ്‍സിനിടെ അഞ്ചു വിക്കറ്റ് നഷ്ടപ്പെടുത്തിയിരുന്നു. ആ റെക്കോഡാണ് ഓസീസിനെതിരേ തകര്‍ന്നത്.
ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം ഇന്നിങ്സില്‍ ഓസ്ട്രേലിയയുടെ 391 റണ്‍സിനെതിരേ ഒരു ഘട്ടത്തില്‍ പാകിസ്താന് രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 214 റണ്‍സ് എന്ന നിലയിലായിരുന്നു. പിന്നീട് മൂന്നിന് 248 റണ്‍സ് എന്ന നിലയായി. അവിടെ നിന്ന് 268 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
വെറും 20 റണ്സിനിടേയാണ് പാകിസ്താന് അവസാന ഏഴു വിക്കറ്റുകള്‍ നഷ്ടമായത്. അതില്‍ത്തന്നെ അവസാന അഞ്ചു വിക്കറ്റുകള്‍ നഷ്ടമായത് വെറും നാല് റണ്‍സിന്റെ ഇടവേളയില്‍. ഒരു റണ്ണു പോലും കൂട്ടിച്ചേര്ക്കേതെയാണ് അവസാന നാല് വിക്കറ്റുകള്‍ പോയത്. നൗമാന്‍ അലി, ഹസന് അലി, നസീം ഷാ എന്നിവര്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഷഹീന് ഷാ അഫ്രീദി പുറത്താകാതെ നിന്നു.
മികച്ച ഫോം തുടരുന്ന ഓപ്പണര്‍ അബ്ദുല്ല ഷഫീഖ് (228 പന്തില്‍ 81 റണ്‍സ്), അസ്ഹര്‍ അലി (208 പന്തില്‍ 78 റണ്‍സ്), ബാബര്‍ അസം (131 പന്തില്‍ 67) എന്നിവരുടെ ഇന്നിങ്സുകളാണ് പാകിസ്താന് കരുത്തായത്. അഞ്ചു വിക്കറ്റ് വീഴ്ത്തിയ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും നാലു വിക്കറ്റെടുത്ത മിച്ചല്‍ സ്റ്റാര്‍ക്കുമാണ് ഓസീസ് ബൗളിങ് നിരയില്‍ തിളങ്ങിയത്.
പാകിസ്താന്റെ ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും വലിയ അഞ്ചു വിക്കറ്റ് വീഴ്ച്ചകള്‍
നാല് റണ്‍സ്, ഓസ്ട്രേലിയക്കെതിരേ ലാഹോറില്‍-2022
അഞ്ച് റണ്‍സ്, ദക്ഷിണാഫ്രിക്കയ്ക്കെതിരേ കേപ് ടൗണില്‍-2003
ഏഴു റണ്‍സ്, ഓസ്ട്രേലിയക്കെതിരേ ബ്രിസ്ബെയ്നില്‍-1995
എട്ടു റണ്‍സ്, ശ്രീലങ്കയ്ക്കെതിരേ കൊളംബോയില്‍-1996
എട്ടു റണ്‍സ്, വെസ്റ്റിന്‍ഡീസിനെതിരേ ഫൈസലാബാദില്‍-1990
എട്ടു റണ്‍സ്, ഇന്ത്യക്കെതിരേ ചെന്നൈയില്‍-1999
Content Highlights: Pakistan suffer their worst ever collapse in Test cricket history vs Australia
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..