സതാംപ്ടണ്‍: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യം ദിനം പാകിസ്താന് ബാറ്റിങ് തകര്‍ച്ച. മഴമൂലം 45 ഓവര്‍ മാത്രം കളിനടന്ന ആദ്യ ദിനം അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെന്ന നിലയിലാണ് സന്ദര്‍ശകര്‍.

ആദ്യ ടെസ്റ്റിലെ സെഞ്ചുറി വീരന്‍ ഷാന്‍ മസൂദിനെ (1) തുടക്കത്തിലെ നഷ്ടമായ പാകിസ്താന് വേണ്ടി ആബിദ് അലിയാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്. 111 പന്തുകള്‍ നേരിട്ട അലി ഏഴു ഫോറുകളടക്കം 60 റണ്‍സെടുത്ത് പുറത്തായി. രണ്ടാം വിക്കറ്റില്‍ ക്യാപ്റ്റന്‍ അസ്ഹര്‍ അലിക്കൊപ്പം (20) 72 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാനും ആബിദ് അലിക്ക് സാധിച്ചു.

ആദ്യ ദിനം കളിയവസാനിക്കുമ്പോള്‍ ബാബര്‍ അസമും (25*) വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാനുമാണ് (4*) ക്രീസില്‍.

11 വര്‍ഷത്തിനുശേഷം ടെസ്റ്റ് ടീമിലേക്ക് മടങ്ങിയെത്തിയ ഫവാദ് അലം പൂജ്യത്തിനു പുറത്തായി. ആസാദ് ഷഫീഖാണ് (5) പുറത്തായ മറ്റൊരു താരം.

ഇംഗ്ലണ്ടിനായി ജെയിംസ് ആന്‍ഡേഴ്‌സണ്‍ രണ്ടും ക്രിസ് വോക്‌സ്, സ്റ്റുവര്‍ട്ട് ബ്രോഡ്, സാം കറന്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Content Highlights: Pakistan slumps to 126-5 second test against England at the Rose Bowl