ഇസ്ലാമാബാദ്: ഒക്ടോബറില്‍ ആരംഭിക്കുന്ന ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീം തിരഞ്ഞെടുപ്പില്‍ അതൃപ്തി പ്രകടിപ്പിച്ച് ബാബര്‍ അസം. 15 അംഗ ടീമിനെയാണ് പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചത്. 

പരിചയസമ്പന്നരായ ഫഖര്‍ സമാന്‍, മുന്‍ നായകന്‍ സര്‍ഫ്രാസ് അഹമ്മദ് തുടങ്ങിയ താരങ്ങളെ ഒഴിവാക്കിയതാണ് ബാബറിനെ ചൊടിപ്പിച്ചത്. ജിയോ ന്യൂസാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. റമീസ് രാജ പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ പുതിയ ചെയര്‍പേഴ്‌സണായി സ്ഥാനമേറിയതിനുപിന്നാലെയാണ് ട്വന്റി 20 ലോകകപ്പിനുള്ള 15 അംഗ ടീമിനെ പ്രഖ്യാപിച്ചത്. 

റമീസ് രാജ സ്ഥാനമേറ്റതോടെ പരിശീലക സ്ഥാനത്തുനിന്ന് വഖാര്‍ യൂനിസും മിസ്ബാ ഉള്‍ ഹഖും രാജിവെച്ചിരുന്നു. പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് ഇരുവരുടെയും രാജി വഴിവെച്ചത്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ഷര്‍ജീല്‍ ഖാന്‍, ഫഖര്‍ സമാന്‍, ഫഹീം അഷറഫ്, ഉസ്മാന്‍ ഖാദിര്‍ എന്നിവരെ ടീമിലുള്‍പ്പെടുത്താന്‍ ബാബര്‍ ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ റമീസ് രാജ ഇതില്‍ അതൃപ്തി പ്രകടിപ്പിച്ചു. ഈ താരങ്ങള്‍ക്ക് പകരം ആസിഫ് അലി, ഖുഷ്ദില്‍ ഷാ, അസം ഖാന്‍, ഷൊഹൈബ് മസൂദ് എന്നിവരെയാണ് സെലക്ഷന്‍ കമ്മിറ്റി തിരഞ്ഞെടുത്തത്. 

ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെ യു.എ.ഇ, ഒമാന്‍ എന്നിവിടങ്ങളിലായി ബി.സി.സി.ഐ യുടെ നേതൃത്വത്തിലാണ് ലോകകപ്പ് നടക്കുന്നത്. ഇന്ത്യയില്‍ വെച്ചുനടക്കേണ്ട മത്സരങ്ങള്‍ കോവിഡ് വ്യാപനത്തെത്തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്. ഇന്ത്യയും പാകിസ്താനും ഒരേ ഗ്രൂപ്പിലാണ് ടൂര്‍ണമെന്റില്‍ മത്സരിക്കുന്നത്. 

Content Highlights: Pakistan skipper Babar Azam unhappy with squad selection for T20 World Cup 2021