Photo: AP
ലാഹോര്‍: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിന മത്സരത്തിലും വിജയിച്ച് പാകിസ്താന് പരമ്പര നേടി. ബാബര്‍ അസമിന്റെ ബാറ്റിങ് മികവിലാണ് പാകിസ്താന് വിജയം നേടിയത്. തുടര്‍ച്ചയായി ഒന്‍പത് മത്സരങ്ങളില്‍ 50 റണ്‍സിന് മുകളില്‍ റണ്‍സ് നേടിയ ബാബര്‍ ക്രിക്കറ്റ് റെക്കോഡ് ബുക്കില്‍ തന്റെ പേര് എഴുതിച്ചേര്‍ക്കുകയും ചെയ്തു.
എന്നാല്‍ ഈ നേട്ടങ്ങളെ കവച്ചുവെയ്ക്കുന്ന വലിയൊരു മണ്ടത്തരം ബാബര്‍ ഗ്രൗണ്ടില്‍ കാണിച്ചു. ഇതുമൂലം പാകിസ്താന് അഞ്ചുറണ്‍സാണ് നഷ്ടപ്പെട്ടത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ബാബറിന് അമളി പറ്റിയത്.
പാകിസ്താന് ഉയര്‍ത്തിയ 276 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വെസ്റ്റ് ഇന്‍ഡീസ് മറുപടി ബാറ്റ് ചെയ്യുന്നതിനിടെ 29-ാം ഓവറില്‍ ബാബറിനെ അമ്പയര്‍ വിളിച്ച് താക്കീത് നല്കി. കീപ്പിങ് ഗ്ലൗസ് കൈയ്യിലണിഞ്ഞതാണ് ബാബറിന് തിരിച്ചടിയായത്.
ക്രിക്കറ്റ് മത്സരത്തില്‍ വിക്കറ്റ് കീപ്പര്‍ക്ക് മാത്രമാണ് ഗ്ലൗസ് ഉപയോഗിക്കാനുള്ള അധികാരം. എന്നാല്‍ വിക്കറ്റ് കീപ്പറുടെ ഗ്ലൗസിലൊന്ന് ബാബര്‍ കൈയ്യിലണിഞ്ഞു. ഒപ്പം സ്റ്റംപ്സിന് പിന്നില്‍ നിന്ന് പന്ത് പിടിക്കുകയും ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട അമ്പയര്‍ ബാബറിന് കനത്ത താക്കീത് നല്‍കുകയും വെസ്റ്റ് ഇന്‍ഡീസിന് അഞ്ചുറണ്‍സ് സൗജന്യമായി നല്‍കുകയും ചെയ്തു.
എന്നാല്‍ മത്സരത്തില്‍ പാകിസ്താന് 120 റണ്‍സിന്റെ വമ്പന്‍ വിജയം സ്വന്തമാക്കി. 276 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ വിന്‍ഡീസ് വെറും 155 റണ്‍സിന് ഓള് ഔട്ടായി.
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..