ഇസ്ലാമാബാദ്: വ്യാജ മരണ വാര്‍ത്തകള്‍ വ്യാപകമായി പ്രചരിക്കുന്നത് സിനിമാ ലോകത്ത് പതിവുള്ള കാര്യമാണ്. ഇപ്പോഴിതാ കായികരംഗത്തുനിന്നും അത്തരത്തിലൊരു വാര്‍ത്ത പുറത്തുവന്നിരിക്കുകയാണ്. പാകിസ്താന്‍ പേസ് ബൗളര്‍ മുഹമ്മദ് ഇര്‍ഫാന്റെ പേരിലാണ് വ്യാജ മരണ വാര്‍ത്ത പ്രചരിക്കുന്നത്. ഇതിനെതിരേ താരം തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
ഇര്‍ഫാന്‍ കാര്‍ അപകടത്തില്‍ കൊല്ലപ്പെട്ടെന്ന തരത്തിലാണ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നത്. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് വ്യക്തമാക്കി അദ്ദേഹം ട്വിറ്ററില്‍ രംഗത്തെത്തുകയും ചെയ്തു.
'ഞാന്‍ കാര്‍ അപകടത്തില്‍ മരിച്ചെന്ന വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയിലൂടെ ചിലര്‍ വ്യാപകമായി പ്രചരിപ്പിക്കുന്നുണ്ട്. ഇത് വാക്കുകള്‍ കൊണ്ട് വിവരിക്കാനാകാത്ത വിധം എന്റെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിച്ചു. മാത്രമല്ല എനിക്കിവിടെ ഫോണ്‍വിളികളുടെ ബഹളമാണ്. ഇത്തരം കാര്യങ്ങള്‍ ദയവുചെയ്ത് അവസാനിപ്പിക്കൂ. അത്തരത്തില്‍ ഒരു അപകടവും സംഭവിച്ചിട്ടില്ല. ഞങ്ങളെല്ലാം നന്നായിരിക്കുന്നു' - ഇര്‍ഫാന്‍ ട്വീറ്റ് ചെയ്തു.
38-കാരനായ ഇര്‍ഫാന്‍ പാകിസ്താനു വേണ്ടി നാലു ടെസ്റ്റുകളും 60 ഏകദിനങ്ങളും 22 ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്.
Content Highlights: Pakistan pacer Mohammad Irfan slams rubbish reports of his death in a car accident