ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീമിനെ പാകിസ്താനിലേക്ക് പരമ്പര കളിക്കാനായി ക്ഷണിച്ച് മുന്‍ പാക് താരവും മുന്‍ പരിശീലകനുമായ വഖാര്‍ യൂനിസ്. ഇംഗ്ലണ്ടും ന്യൂസീലന്‍ഡും പാകിസ്താനില്‍ കളിക്കാന്‍ വിസമ്മതിച്ചതോടെയാണ് വഖാര്‍ ഓസ്‌ട്രേലിയയെ ക്ഷണിച്ചത്. 

ഈയിടെയാണ് ന്യൂസീലന്‍ഡും ഇംഗ്ലണ്ടും പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാന്‍ സാധിക്കില്ല എന്ന് വ്യക്തമാക്കിയത്. സുരക്ഷാ കാരണങ്ങളും ക്വാറന്റീനിലെ പ്രശ്‌നങ്ങളും മുന്‍നിര്‍ത്തിയാണ് ഇരുടീമുകളും പരമ്പരയില്‍ നിന്ന് പിന്മാറിയത്. 

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിലൊന്നാണ് പാകിസ്താനെന്ന് വഖാര്‍ യൂനിസ് അവകാശപ്പെട്ടു. ഓസ്‌ട്രേലിയയ്ക്ക് സുരക്ഷിതമായി പാകിസ്താനില്‍ ക്രിക്കറ്റ് കളിക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

' പാകിസ്താന്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളിലൊന്നാണ്. ഞങ്ങളുടെ സുരക്ഷാവിഭാഗം വളരെ മികച്ചതാണ്. ഒരാപത്തും നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഓസ്‌ട്രേലിയയ്ക്ക് ഇവിടേക്ക് ധൈര്യമായി കളിക്കാന്‍ വരാം'-വഖാര്‍ അവകാശപ്പെട്ടു.

ദീര്‍ഘകാലം പാകിസ്താന്‍ ടീമിന്റെ ബൗളിങ് കോച്ചായിരുന്ന വഖാര്‍ ഈയിടെയാണ് സ്ഥാനം രാജി വെച്ചത്. വഖാര്‍ യൂനിസും പാക് ടീമിന്റെ മുഖ്യ പരിശീലകനായ മിസ്ബാ ഉള്‍ ഹഖും ഒരുമിച്ചാണ് രാജി സമര്‍പ്പിച്ചത്. 

Content Highlights: Pakistan one of the safest places in the world: Waqar Younis asks Australia to tour Pakistan