ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ പാകിസ്താന്‍ ശക്തമായ നിലയില്‍. എട്ടു വിക്കറ്റിന് 510 എന്ന നിലയില്‍ പാകിസ്താന്‍ ഒന്നാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു. 

ആബിദ് അലിയും അസ്ഹര്‍ അലിയും ചേര്‍ന്ന് സിംബാബ്‌വെ ബൗളര്‍മാരെ അടിച്ചൊതുക്കുന്നതാണ് ഹരാരെ സ്‌റ്റേഡിയത്തില്‍ കണ്ടത്. ആബിദ് അലി 407 പന്തില്‍ 29 ഫോറിന്റെ അകമ്പടിയോടെ 215 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ അസ്ഹര്‍ അലി 240 പന്തില്‍ 126 റണ്‍സാണ് നേടിയത്. 17 ഫോറും ഒരു സിക്‌സും അസ്ഹര്‍ നേടി. രണ്ടാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 236 റണ്‍സ് കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. 

എന്നാല്‍ പിന്നീട് പാക് ബാറ്റ്‌സ്മാന്‍മാര്‍ക്കൊന്നും തിളങ്ങാനായില്ല. ബാബര്‍ അസം രണ്ട് റണ്‍സിനും ഫവാദ് ആലം അഞ്ച് റണ്‍സെടുത്തും പുറത്തായി. സാജിദ് ഖാന്‍ 20 റണ്‍സെടുത്തപ്പോള്‍ റിസ്‌വാന്റെ സമ്പാദ്യം 21 റണ്‍സായിരുന്നു. ഹസ്സന്‍ അലി പൂജ്യത്തിന് പുറത്തായി. എന്നാല്‍ പിന്നീട് നുഅ്മാന്‍ അലി 104 പന്തില്‍ 97 റണ്‍സ് അടിച്ചുകൂട്ടി പാകിസ്താന്റെ സ്‌കോറിങ് വേഗത കൂട്ടി. ഒമ്പത് ഫോറും അഞ്ചു സിക്‌സുമാണ് നുഅ്മാന്റെ ബാറ്റില്‍ നിന്ന് പിറന്നത്. നുഅ്മാന്‍ പുറത്തായതിന് പിന്നാലെ പാകിസ്താന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു.

ആദ്യ ടെസ്റ്റില്‍ പാകിസ്താന്‍ വിജയിച്ചിരുന്നു. ഇതോടെ രണ്ട് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പാകിസ്താന്‍ 1-0ത്തിന് മുന്നിലാണ്.

Content Highlights: Pakistan on top after Abid Ali, Azhar Ali centuries vs Zimbabwe