അബുദാബി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെ പ്രവചനാതീതരെന്നാണ് പൊതുവെ ക്രിക്കറ്റ് പണ്ഡിതര്‍ വിലയിരുത്താറുള്ളത്. അവരുടേതായ ദിവസം ഏത് വമ്പന്‍മാരെയും തറപറ്റിക്കുന്ന ടീം അടുത്ത ദിവസം തീര്‍ത്തും ദുര്‍ബലരോടാകും തോല്‍ക്കുക. ഇത്തരത്തിലുള്ള ഒരു പ്രകടനമായിരുന്നു ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ പാകിസ്താന്റേത്.
ജയിച്ചെന്നു കരുതിയ മത്സരമാണ് പാകിസ്താന്‍ വെറും നാലു റണ്‍സിന് തോറ്റത്. ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ 176 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താന്‍ 171 റണ്‍സിന് ഓള്‍ഔട്ടാകുകയായിരുന്നു. സ്‌കോര്‍: ന്യൂസിലന്‍ഡ് 153, 249, പാക്കിസ്ഥാന്‍ 227, 171. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ റണ്‍ അടിസ്ഥാനത്തിലുള്ള ഏറ്റവും ചെറിയ നാലാമത്തെ വിജയമാണ് ന്യൂസിലന്‍ഡിന്റേത്.
അഞ്ചു വിക്കറ്റെടുത്ത അജാസ് പട്ടേലും രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയ ഇഷ് സോധിയും നെയില്‍ വാഗ്‌നറുമാണ് കീവീസിന് അവിശ്വസനീയ ജയമൊരുക്കിയത്. ഇങ്ങനെയൊക്കെ കളി തോല്‍ക്കാന്‍ പാകിസ്താനു മാത്രമേ സാധിക്കൂ എന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. കാരണം മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ തന്നെ പാകിസ്താന്റെ വിജയമുറപ്പിച്ചതാണ് ആരാധകര്‍. എന്നാല്‍ നാലാം ദിനം അരങ്ങേറ്റക്കാരന്‍ അജാസ് പട്ടേലിന്റെ പന്തുകള്‍ക്കു മുന്നില്‍ അവര്‍ കളി മറന്നു.
നാലാം ദിനം പത്തു വിക്കറ്റും ശേഷിക്കേ വിജയത്തിലേക്ക് പാകിസ്താന് വെറും 139 റണ്‍സ് മാത്രം മതിയായിരുന്നു. വിക്കറ്റ് നഷ്ടം കൂടാതെ 37 റണ്‍സ് എന്ന നിലയിലായിരുന്നു അവര്‍. ഇമാം ഉള്‍ ഹഖ് 25 റണ്‍സോടെയും മുഹമ്മദ് ഹഫീസ് എട്ടു റണ്‍സോടെയും ക്രീസില്‍. എന്നാല്‍ 11 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടെ പാകിസ്താന് ഇമാം ഉള്‍ ഹഖ്, മുഹമ്മദ് ഹഫീസ്, ഹാരിസ് സൊഹൈല്‍ എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി.
തുടര്‍ന്ന് നാലാം വിക്കറ്റില്‍ ആസാദ് ഷഫീഖും (45) അസ്ഹര്‍ അലിയും ചേര്‍ന്നുള്ള കൂട്ടുകെട്ട് പാക് സ്‌കോര്‍ 130-ല്‍ എത്തിച്ചു. ആറു വിക്കറ്റ് ശേഷിക്കെ വിജയത്തിലേക്ക് അപ്പോള്‍ വേണ്ടിയിരുന്നത് വെറും 46 റണ്‍സ്. സ്‌കോര്‍ 147-ല്‍ എത്തിയപ്പോള്‍ ബാബര്‍ അസം (12) റണ്ണൗട്ടായി. വിജയത്തിലേക്ക് അപ്പോള്‍ 29 റണ്‍സ് മാത്രം മതിയായിരുന്നു.
എന്നാല്‍ അവിടെ നിന്ന് പാകിസ്താന്‍ തകരുകയായിരുന്നു. ക്യാപ്റ്റന്‍ സര്‍ഫ്രാസ് അഹമ്മദ് (3), ബിലാല്‍ ആസിഫ്(0), യാസിര്‍ ഷാ (0), ഹസന്‍ അലി (0) എന്നിവര്‍ വന്നപോലെ മടങ്ങി. മൂന്നാമനായി ഇറങ്ങി ക്രീസിലുണ്ടായിരുന്ന അസ്ഹര്‍ അലിയിലായിരുന്നു പിന്നീട് പാകിസ്താാന്റെ പ്രതീക്ഷ മുഴുവന്‍. എന്നാല്‍ അലിയെ വിക്കറ്റിനു മുന്നില്‍ കുരുക്കി അജാസ് പട്ടേല്‍ കിവികള്‍ക്ക് വിജയം സമ്മാനിച്ചു. അരങ്ങേറ്റ മത്സരത്തില്‍ തന്നെ അജാസ് പട്ടേല്‍ മാന്‍ ഓഫ് ദ മാച്ചായും തിരഞ്ഞെടുക്കപ്പെട്ടു. ഇതോടെ മൂന്നു മല്‍സരങ്ങള്‍ അടങ്ങിയ പരമ്പരയില്‍ ന്യൂസീലന്‍ഡ് 1-0 ന് മുന്നിലെത്തി.
Content Highlights: pakistan lose the match against new zealand