ന്യൂഡൽഹി: 2015 ലോകകപ്പിൽ പാകിസ്താനെതിരായ മത്സരത്തിന്റെ ഓർമകൾ പങ്കുവെച്ച് ഇന്ത്യൻ ക്രിക്കറ്റ് താരം ശിഖർ ധവാൻ. അന്ന് ഗാലറിയിൽ നിന്ന് പാക് ആരാധകർ തന്റെ ആത്മവിശ്വാസം ഇല്ലാതാക്കാൻ ശ്രമിച്ചെന്നും എന്നാൽ ഇതേ ആരാധകരെക്കൊണ്ട് കൈയടിപ്പിച്ചാണ് ക്രീസ് വിട്ടതെന്നും ധവാൻ ഓർക്കുന്നു. ഡബിൾ ട്രബിൾ എന്ന യുട്യൂബ് പരിപാടിയിൽ ഇന്ത്യൻ വനിതാ താരങ്ങളായ ജെമീമ റോഡ്രിഗസിനോടും സ്മൃതി മന്ദാനയോടും സംസാരിക്കുകയായിരുന്നു ധവാൻ.

'അന്ന് ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്താനെതിരേ ആയിരുന്നു. കളിക്കാനിറങ്ങുമ്പോൾ അതിന്റെ എല്ലാ സമ്മർദ്ദങ്ങളുമുണ്ടായിരുന്നു. ഗ്രൗണ്ടിലെ അന്തരീക്ഷം പാകിസ്താന് അനുകൂലമായിരുന്നു. ഞാൻ മികച്ച ഫോമിലും ആയിരുന്നില്ല. ലോകകപ്പിന് മുമ്പുള്ള ഓസ്ട്രേലിയക്കെതിരായ പരമ്പരയിൽ ഞാൻ മോശം പ്രകടനമാണ് പുറത്തെടുത്തത്.

''ഇവൻ 15 റൺസിന് ഔട്ടാകും.''ഞാൻ ഗ്രൗണ്ടിലേക്ക് ഇറങ്ങുമ്പോൾ പാക് ആരാധകർ ഗാലറിയിൽ നിന്ന് വിളിച്ചുപറയുന്നുണ്ടായിരുന്നു. എന്നാൽ ആ പരിഹാസത്തിന് ഞാൻ ബാറ്റിലൂടെ മറുപടി നൽകി. 73 റൺസുമായാണ് ഗ്രൗണ്ട് വിട്ടത്. ഇതോടെ പരിഹസിച്ചവർ വരെ കൈയടിച്ചാണ് എന്നെ യാത്രയാക്കിയത്.'

ഏഴു ഫോറിന്റേയും ഒരു സിക്സിന്റേയും സഹായത്തോടെ 76 പന്തിൽ നിന്നാണ് ധവാൻ 73 റൺസടിച്ചത്. പാകിസ്താനെതിരായ മത്സരത്തിൽ ഇന്ത്യ എങ്ങനെയെങ്കിലും ജയിക്കണമെന്ന ചിന്ത മാത്രമാണ് ഇന്ത്യൻ ആരാധകർക്കുണ്ടാകുക. അവരും പാക് ആരാധകരും ഗാലറിയിലിരുന്ന് പരസ്പരം പരിഹസിക്കുകയും കുത്തുവാക്കുകൾ പറയുകയും ചെയ്യും. ധവാൻ കൂട്ടിച്ചേർത്തു.

Content Highlights: Pakistan fans had taunted Shikhar Dhawan, 2015 World Cup