മെല്‍ബണ്‍: പന്ത്രണ്ട് വര്‍ഷത്തിന് ഇടവേളക്ക് ഓസ്‌ട്രേലിയന്‍ മണ്ണില്‍ പാകിസ്താന് വിജയം. രണ്ടാം ഏകദിനത്തില്‍ ഓസീസിനെ ആറു വിക്കറ്റിന് പരാജയപ്പെടുത്തിയാണ് പാകിസ്താന്‍ ചരിത്ര വിജയം സ്വന്തമാക്കിയത്. ഇതോടെ അഞ്ചു ഏകദിനങ്ങളടങ്ങിയ പരമ്പരയില്‍ ഇരുടീമുകളും ഒപ്പത്തിനൊപ്പമെത്തി. ആദ്യ ഏകദിനത്തില്‍ ഓസീസ് 92 റണ്‍സിന് വിജയിച്ചിരുന്നു. 

ഓസ്‌ട്രേലിയ മുന്നോട്ടു വെച്ച 221 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പാകിസ്താന്‍ 14 പന്ത് ബാക്കി നില്‍ക്കെ ലക്ഷ്യം കാണുകയായിരുന്നു. 72 റണ്‍സെടുത്ത മുഹമ്മദ് ഹഫീസിന്റെയും 42 റണ്‍സുമായി പുറത്താകാതെ നിന്ന ഷുഐബ് മാലിക്കിന്റെയും മികവിലാണ് പാകിസ്താന്‍ വിജയിച്ചത്.

ആദ്യം ബാറ്റു ചെയത് ഓസ്‌ട്രേലിയ 10 പന്തു ബാക്കി നില്‍ക്കെ 220 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. 60 റണ്‍സെടുത്ത ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്തിനല്ലാതെ മറ്റാര്‍ക്കും ഓസീസ് ബാറ്റിങ്ങില്‍ തിളങ്ങാനായില്ല. മൂന്ന് വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ആമിറും രണ്ടു വീതം വിക്കറ്റെടുത്ത ജുനൈദ് ഖാനും അമാദ് വസീമും ഓസീസ് ബാറ്റിങ്ങിനെ പിടിച്ചു കെട്ടുകയായിരുന്നു.