ഗയാന:പാകിസ്താനെതിരായി ബാറ്റിങ്ങിനിറങ്ങും മുമ്പേ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡില്‍ പത്ത് റണ്‍സെത്തിയിരുന്നു. ഒരൊറ്റ പന്ത് പോലും നേരിടാതെയാണ് ഇന്ത്യക്ക് പത്ത് റണ്‍സ് ലഭിച്ചത്. അതെങ്ങനെ ആണെന്നറിയുമോ? 

പിച്ചിലൂടെ ഓടിയതിന് പാകിസ്താന് ലഭിച്ച പെനാല്‍റ്റിയാണ് ഈ പത്ത് റണ്‍സ്. പാക് ഇന്നിങ്‌സിനിടെ റണ്‍സെടുക്കുന്നതിനിടയില്‍ 13-ാം ഓവറിലാണ് ആദ്യം പിച്ചിലൂടെ ഓടിയത്. ഇതിന് അമ്പയര്‍ താക്കീത് നല്‍കി. എന്നിട്ടും രണ്ടു തവണ ഇത് ആവര്‍ത്തിക്കുകയായിരുന്നു. 

18-ാം ഓവറില്‍ ബിസ്മ മറൂഫും നിദാ ദറുമാണ് ആദ്യം പിഴവ് വരുത്തിയത്. ഇതിന് അഞ്ച് റണ്‍സ് പെനാല്‍റ്റി ലഭിച്ചു. പിന്നീട് പാക് ഇന്നിങ്‌സിലെ അവസാന പന്തിലായിരുന്നു വീണ്ടും പിച്ചിലൂടെയുള്ള ഓട്ടം. നാഹിദ ഖാനും സിദ്‌റ നവാസും ഒട്ടും ശ്രദ്ധിക്കാതെ സിംഗിളെടുത്തതോടെ പാകിസ്താന് വീണ്ടും അഞ്ച് പെനാല്‍റ്റി റണ്‍സ് ലഭിച്ചു. ഒപ്പം ആ രണ്ട് റണ്ണും സ്‌കോറില്‍ നിന്ന് വെട്ടിക്കുറച്ചു. ഇതോടെ 135 എന്ന ടോട്ടല്‍ റണ്‍സ് 133 ആയി. 

പാക് താരങ്ങള്‍ ഇത് ആദ്യമായല്ല ചെയ്യുന്നതെന്ന് ക്യാപ്റ്റന്‍ ജവേരിയ ഖാന്‍ വ്യക്തമാക്കി. ശ്രീലങ്കന്‍ പരമ്പരയിലും ഇങ്ങനെ അബദ്ധം സംഭവിച്ചിരുന്നു. ഇത്തരം ഒട്ടും പ്രൊഫഷണല്‍ അല്ലാത്ത കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ നിരാശയുണ്ടെന്നും ഇത് മാറ്റിയെടുക്കാനാകും ഇനിയുള്ള ശ്രമമെന്നും പാക് ക്യാപ്റ്റന്‍ വ്യക്തമാക്കി.  

ഇന്ത്യന്‍ ക്യാപ്റ്റന്‍ മിഥാലി രാജിനും ഇത്തരത്തില്‍ അബദ്ധം സംഭവിച്ചിരുന്നു. ഇത് അമ്പയര്‍ താക്കീത് ചെയ്തു. എന്നാല്‍ പിന്നീട് ആവര്‍ത്തിക്കാതിരുന്നതിനാല്‍ ഇന്ത്യ പെനാല്‍റ്റി റണ്ണില്‍ നിന്നും രക്ഷപ്പെട്ടു. 

ഐസിസിയുടെ 41.14.3 നിയമപ്രകാരം മുന്നറിയിപ്പ് നല്‍കിയ ശേഷവും ബാറ്റ് ചെയ്യുന്ന ടീമില്‍ നിന്ന് പിച്ചിന് കേടുപാടുണ്ടാക്കുന്ന പ്രവൃത്തിയുണ്ടായാല്‍ അഞ്ച് പെനാല്‍റ്റി റണ്‍സാണ് പിഴയായി വിധിച്ചിരിക്കുന്നത്. ഒപ്പം ഓടിയെടുത്ത ആ റണ്‍ അനുവദിക്കാതിരിക്കുകയും ചെയ്യും.

 

Content Highlights: Pakistan Docked 10 Runs Against India for Running on the Pitch