ട്രെന്റ്ബ്രിഡ്ജ്: ഇംഗ്ലണ്ടിനെതിരായ ആദ്യ ട്വന്റി-20യില്‍ പാകിസ്താന് വിജയം. ഏകദിനത്തിലേറ്റ നാണക്കേടിന് ആദ്യ ട്വന്റി-20യിലൂടെ പാകിസ്താന് മറുപടി നല്‍കി. പാകിസ്താന്‍ മുന്നോട്ടുവെച്ച 233 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 19.2 ഓവറില്‍ 201 റണ്‍സിന് എല്ലാവരും പുറത്തായി. 

ഏകദിന പരമ്പര 3-0ത്തിന് നഷ്ടപ്പെട്ടതിന്റെ നിരാശയിലാണ് പാകിസ്താന്‍ ടീം ഇംഗ്ലണ്ടിനെതിരേ കളിക്കാനിറങ്ങിയത്. ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങ്ങിന് അയച്ചു. ഓപ്പണര്‍മാരായ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും പാകിസ്താന് മികച്ച തുടക്കം നല്‍കി. ഇരുവരും 150 റണ്‍സ് കൂട്ടുകെട്ട് പടുത്തുയര്‍ത്തി. മുഹമ്മദ് റിസ്വാന്‍ 41 പന്തില്‍ 63 റണ്‍സും ബാബര്‍ അസം 49 പന്തില്‍ 85 റണ്‍സും നേടി. പിന്നീട് ബാറ്റിങ്ങിനിറങ്ങിയവര്‍ കുറഞ്ഞ പന്തില്‍ കൂടുതല്‍ റണ്‍സ് നേടി പാകിസ്താന്റെ സ്‌കോറിങ് വേഗത കൂട്ടി. 

ഷുഐബ് മക്‌സൂദ് ഏഴു പന്തില്‍ 19 റണ്‍സ് അടിച്ചപ്പോള്‍ എട്ടു പന്തില്‍ 26 റണ്‍സായിരുന്നു ഫഖര്‍ സമാന്റെ സമ്പാദ്യം. മുഹമ്മദ് ഹഫീസ് 10 പന്തില്‍ 24 റണ്‍സ് നേടി. ഇതോടെ പാക് സ്‌കോര്‍ 236 റണ്‍സിലെത്തി. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ തുടക്കം തന്നെ തകര്‍ച്ചയോടെ ആയിരുന്നു. രണ്ടാം ഓവറില്‍ ഡേവിഡ് മലനും നാലാം ഓവറില്‍ ജോണി ബെയര്‍സ്‌റ്റോയും ക്രീസ് വിട്ടു. 13 പന്തില്‍ 32 റണ്‍സ് നേടി ജേസണ്‍ റോയ് ട്രാക്കിലെത്താന്‍ ശ്രമിച്ചെങ്കിലും അധികം ആയുസുണ്ടായില്ല. പിന്നീട് ലിയാം ലിവിങ്സ്റ്റണ്‍ന്റെ ഒറ്റയാള്‍ പോരാട്ടമാണ് കണ്ടത്. 43 പന്തില്‍ ആറു ഫോറും ഒമ്പത് സിക്‌സും സഹിതം ലിവിങ്സ്റ്റണ്‍ അടിച്ചെടുത്തത് 103 റണ്‍സാണ്. 17 പന്തില്‍ ലിവിങ്സ്റ്റണ്‍ അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി.

എന്നാല്‍ ലിവിങ്സ്റ്റണ്‍ പുറത്തായതിന് പിന്നാലെ ഇംഗ്ലണ്ട് തോല്‍വിയിലേക്ക് വീണു. ഒടുവില്‍ അവസാന ഓവറിലെ രണ്ടാം പന്തില്‍ ഇംഗ്ലണ്ട് ടീമിലെ എല്ലാവരും പുറത്തായി.

Content Highlights: Pakistan defeats England by 31 runs