കറാച്ചി: പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകരായ മിസ്ബാ ഉള്‍ ഹഖും വഖാര്‍ യൂനിസും രാജിവെച്ചു. പാകിസ്താന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനാണ് മിസ്ബ. വഖാര്‍ ബൗളിങ് പരിശീലകനാണ്. ട്വന്റി 20 ലോകകപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് പാകിസ്താന്റെ മുന്‍ താരങ്ങള്‍ കൂടിയായ മിസബയും വഖാറും രാജി സമര്‍പ്പിച്ചത്. 

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഈ വാര്‍ത്ത മാധ്യമങ്ങളിലേക്ക് എത്തിച്ചത്. ഇവര്‍ക്ക് പകരമായി മുന്‍ താരങ്ങളായ സഖ്‌ലെയ്ന്‍ മുഷ്താഖിനെയും അബ്ദുള്‍ റസാഖിനെയും താത്കാലിക പരിശീലകരായി നിയമിച്ചു. ഇരുവരും ടീമിനൊപ്പം ചേര്‍ന്നു. 

പാകിസ്താന്റെ മുന്‍ നായകനായ റമീസ് രാജ ക്രിക്കറ്റ് ബോര്‍ഡിന്റെ ചെയര്‍മാനായി നിയമിതനായതിനേത്തുടര്‍ന്നാണ് ഇരുവരും രാജി സമര്‍പ്പിച്ചത്. റമീസ് രാജ സമൂഹമാധ്യമങ്ങളിലൂടെ ഇരുതാരങ്ങള്‍ക്കുമെതിരേ ശബ്ദമുയര്‍ത്തിയിരുന്നു.

നേരത്തേ പാകിസ്താന്‍ ടീമിന്റെ മുഖ്യ സെലക്ടറായിരുന്ന മിസ്ബാ കഴിഞ്ഞ വര്‍ഷം സ്ഥാനമൊഴിഞ്ഞിരുന്നു. 2019 ലാണ് മിസ്ബയും വഖാറും പാകിസ്താന്‍ ടീമിന്റെ പരിശീലകരായത്.

ഇരുവരും രാജിവെച്ചതിനുപിന്നാലെ ട്വന്റി 20 ലോകകപ്പിനുള്ള പാകിസ്താന്‍ ടീമിനെ പി.സി.ബി പ്രഖ്യാപിച്ചു. ബാബര്‍ അസമാണ് ടീമിനെ നയിക്കുക. ശദബ് ഖാനാണ് സഹനായകന്‍.

Content Highlights: Pakistan coaches Misbah-ul-Haq, Waqar Younis resign month before T20 World Cup; replacements announced