മാഞ്ചെസ്റ്റർ: പാകിസ്താൻ ബൗളർ മുഹമ്മദ് ആമിർ കോവിഡ്-19 രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ പുനഃരാരംഭിച്ചപ്പോൾ ഐ.സി.സി ഏർപ്പെടുത്തിയ ഉമിനീർ വിലക്ക് ലംഘിച്ചതായി റിപ്പോർട്ട്.

ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ആദ്യ മത്സരത്തിനിടെയായിരുന്നു സംഭവം. പന്തിന്റെ തിളക്കം കൂട്ടാൻ ഉമിനീർ ഉപയോഗിക്കുന്നതിന് ഐ.സി.സിയുടെ വിലക്ക് നിലനിൽക്കുന്നതിനിടെയാണിത്.

ഓൾഡ് ട്രാഫഡിൽ നടന്ന മത്സരത്തിൽ പന്തെറിയുന്നതിന് മുമ്പ് ആമിർ തന്റെ വിരലുകളിൽ ഉമിനീർ പുരട്ടുന്ന ദൃശ്യം ടെലിവിഷൻ ക്യാമറകൾ ഒപ്പിയെടുത്തു. താരം നിരവധി തവണ ഇത് ആവർത്തിച്ചെന്നാണ് റിപ്പോർട്ട്. എന്നാൽ ഇക്കാര്യം അമ്പയർമാരുടെ ശ്രദ്ധയിൽപ്പെട്ടില്ല.

ഐ.സി.സിയുടെ നിർദേശമനുസരിച്ച് ഏതെങ്കിലും താരം പന്തിൽ ഉമിനീർ ഉപയോഗിക്കുന്നത് കണ്ടാൽ അമ്പയർമാർ ടീമിന് മുന്നറിയിപ്പ് നൽകും. രണ്ടു തവണ ഇത്തരത്തിൽ മുന്നറിയിപ്പ് നൽകും. വീണ്ടും ആവർത്തിച്ചാൽ പെനാൽറ്റിയായി ബാറ്റിങ് ടീമിന് അഞ്ചു റൺസ് അനുവദിക്കും. അമ്പയർമാർ പന്ത് വൃത്തിയാക്കുകയും വേണം.

Content Highlights: Pakistan bowler Mohammad Amir seen violating ICC saliva ban