Photo: twitter.com/ICC
കറാച്ചി: ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തില്‍ ആതിഥേയരായ പാകിസ്താന് കൂറ്റന്‍ വിജയം. പത്തുവിക്കറ്റിനാണ് പാകിസ്താന്‍ ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം പാകിസ്താന്‍ വിക്കറ്റ് നഷ്ടപ്പെടുത്താതെ 19.3 ഓവറില്‍ മറികടന്നു. സെഞ്ചുറി നേടിയ നായകന്‍ ബാബര്‍ അസമാണ് ടീമിന്റെ വിജയശില്‍പ്പി. മറ്റൊരു ഓപ്പണറായ മുഹമ്മദ് റിസ്വാനും തിളങ്ങി.
ഈ വിജയത്തോടെ ഏഴ് മത്സരങ്ങളടങ്ങിയ ട്വന്റി 20 പരമ്പരയില്‍ പാകിസ്താന്‍ ഇംഗ്ലണ്ടിനൊപ്പമെത്തി (1-1). ഇംഗ്ലണ്ട് ഉയര്‍ത്തിയ 200 റണ്‍സ് വിജയലക്ഷ്യം മറികടക്കാനായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന് വേണ്ടി ഓപ്പണര്‍മാര്‍ അനായാസം ബാറ്റുചെയ്തു. ബാബര്‍ വെറും 66 പന്തുകളില്‍ നിന്ന് 11 ഫോറിന്റെയും അഞ്ച് സിക്‌സിന്റെയും അകമ്പടിയോടെ 110 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ബാബറിന്റെ രണ്ടാം ട്വന്റി 20 സെഞ്ചുറിയാണിത്. മറുവശത്ത് റിസ്വാന്‍ 51 പന്തുകളില്‍ നിന്ന് അഞ്ച് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 88 റണ്‍സെടുത്ത് അപരാജിതനായി നിന്നു.
ഇരുവരും ആദ്യ വിക്കറ്റില്‍ 203 റണ്‍സാണ് ചേര്‍ത്തത്. ട്വന്റി 20യില്‍ പാകിസ്താന്റെ ഏറ്റവും വലിയ കൂട്ടുകെട്ടാണിത്. ഇതിന് മുന്‍പ് 2021 ഏപ്രില്‍ 14 ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നേടിയ 197 റണ്‍സിന്റെ കൂട്ടുകെട്ട് പഴങ്കഥയായി. ഇതും ബാബര്‍-റിസ്വാന്‍ സഖ്യം തന്നെയാണ് നേടിയത്. മാത്രമല്ല ചേസിങ്ങില്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ട് എന്ന റെക്കോഡും ഇരുവരും സ്വന്തമാക്കി. ലോകത്തിലെ ഏറ്റവും മികച്ച അഞ്ചാമത്തെ ട്വന്റി 20 ബാറ്റിങ് കൂട്ടുകെട്ട് കൂടിയാണിത്.
ആദ്യം ബാറ്റുചെയ്ത ഇംഗ്ലണ്ട് 23 പന്തുകളില്‍ നിന്ന് നാല് വീതം സിക്‌സിന്റെയും ഫോറിന്റെയും അകമ്പടിയോടെ 55 റണ്‍സെടുത്ത് പുറത്താവാതെ നിന്ന നായകന്‍ മോയിന്‍ അലിയുടെ മികവിലാണ് മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തിയത്. 43 റണ്‍സെടുത്ത ബെന്‍ ഡക്കറ്റും മികച്ച പ്രകടനം പുറത്തെടുത്തു. പാകിസ്താന് വേണ്ടി ഷാനവാസ് ദഹാനിയും ഹാരിസ് റൗഫും റണ്ട് വിക്കറ്റ് വീതം നേടി.
Content Highlights: pakistan vs england, babar azam, babar azam century, highest partnership in t20, babar rizwan
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..